KeralaNEWS

ആരാധകരുടെ സ്വീകരണം ഏറ്റുവാങ്ങി ‘റോബിന്‍’ ബസ് വീണ്ടും; നിയമപരമല്ലെങ്കില്‍ നടപടി തുടരുമെന്ന് മന്ത്രിയുടെ മുന്നറിയിപ്പ്

പത്തനംതിട്ട: കോടതി ഇടപെടലിനു പിന്നാലെ റോബിന്‍ ബസ് പത്തനംതിട്ടയില്‍നിന്നും കോയമ്പത്തൂരിലേക്കു വീണ്ടും സര്‍വീസ് തുടങ്ങിയതിനു പിന്നാലെ നടപടികള്‍ അവസാനിക്കുന്നില്ലെന്ന സൂചന നല്‍കി മന്ത്രി പി.രാജീവ്. സര്‍വീസ് നിയമപരമല്ലെങ്കില്‍ ഇനിയും നടപടിയുണ്ടാകുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. തമിഴ്‌നാട്ടില്‍വച്ച് മോട്ടര്‍ വാഹന വകുപ്പ് ബസ് പിടികൂടിയത് സര്‍വീസ് നിയമപരമല്ലാത്തതുകൊണ്ടല്ലേ എന്നു ചോദിച്ച മന്ത്രി രാജീവ്, നിയമപരമായിട്ടു മാത്രമേ സര്‍വീസ് നടത്താനാകൂവെന്നും വ്യക്തമാക്കി.

തമിഴ്‌നാട് മോട്ടര്‍ വാഹന വകുപ്പിന്റെ നിയമക്കുരുക്കില്‍നിന്നു വിട്ടുകിട്ടിയ ‘റോബിന്‍’ ബസിനു പത്തനംതിട്ടയിലേക്കുള്ള യാത്രയില്‍ വഴിനീളെ ആരാധകര്‍ ഇന്നലെ വരവേല്‍പു നല്‍കി. പെര്‍മിറ്റ് വ്യവസ്ഥ ലംഘനവുമായി ബന്ധപ്പെട്ടു കോയമ്പത്തൂര്‍ സെന്‍ട്രല്‍ റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസില്‍ പിടിച്ചിട്ട ബസ്, ഇന്നലെ 10,000 രൂപ പിഴ അടച്ച ശേഷമാണു വിട്ടുനല്‍കിയത്. കേരളത്തിലെ മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ബസ് തടയുമെന്നു കരുതിയെങ്കിലും ഉണ്ടായില്ല.

Signature-ad

”നമുക്കെല്ലാം നിയമത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയൂ. ആ വകുപ്പുമായി ബന്ധപ്പെട്ടവര്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്തുകൊണ്ടാണ് തമിഴ്‌നാട് ഈ ബസ് സര്‍വീസിനെതിരെ നടപടി സ്വീകരിച്ചത്? കേരളത്തില്‍ മാത്രമല്ലല്ലോ പ്രശ്‌നം. ഏറ്റവും കൂടുതല്‍ സംരംഭകത്വത്തിന് അനുകൂലമായ സാഹചര്യമുണ്ടെന്ന് നിങ്ങള്‍ എല്ലാവരും എപ്പോഴും പറയുന്ന സംസ്ഥാനമാണല്ലോ തമിഴ്‌നാട്. അവര്‍ എന്തിനാണ് ആ വണ്ടി പിടിച്ചെടുത്തത്? നിയമപരമായിരിക്കണം എന്നേ ഞങ്ങള്‍ പറയുന്നുള്ളൂ.” -മന്ത്രി രാജീവ് പറഞ്ഞു.

അതിനിടെ, കോടതി ഇടപെടലിനു പിന്നാലെ റോബിന്‍ ബസ് പത്തനംതിട്ടയില്‍നിന്നും കോയമ്പത്തൂരിലേക്കു വീണ്ടും സര്‍വീസ് തുടങ്ങി. അഞ്ചു മണിക്ക് ആരംഭിക്കേണ്ടിയിരുന്ന സര്‍വീസ് ചെറിയ തകരാര്‍ മൂലം രണ്ടര മണിക്കൂറോളം വൈകിയാണ് തുടങ്ങിയത്. ഒട്ടേറെ ആളുകളാണ് ബസിനു സ്വീകരണം നല്‍കാന്‍ പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ എത്തിയത്. നോട്ടുമാലയണിയിച്ചും മുദ്രാവാക്യം വിളിച്ചും അവര്‍ ബസ് സര്‍വീസിനു പിന്തുണ ആവര്‍ത്തിച്ചു. മുഴുവന്‍ സീറ്റിലും യാത്രക്കാരുമായാണ് ബസ് പത്തനംതിട്ടയില്‍നിന്നു പുറപ്പെട്ടത്. മോട്ടര്‍ വാഹന വകുപ്പിന്റെ നടപടി തുടര്‍ന്നാല്‍ ശക്തമായി പ്രതികരിക്കുമെന്ന് ബസ് ഡ്രൈവര്‍ നിതീഷ് വ്യക്തമാക്കി.

പെര്‍മിറ്റുമായി ബന്ധപ്പെട്ടു കേരള മോട്ടര്‍ വാഹന വകുപ്പുമായി തര്‍ക്കമുണ്ടായിരുന്ന റോബിന്‍ ബസിന് ശനിയാഴ്ച കോയമ്പത്തൂരിലേക്കുള്ള യാത്രയ്ക്കിടെ വിവിധ സ്ഥലങ്ങളിലായി 37,500 രൂപ കേരള മോട്ടര്‍ വാഹന വകുപ്പു പിഴ ചുമത്തിയിരുന്നു. വൈകിട്ടോടെ തമിഴ്‌നാട്ടിലെ ചാവടി ചെക്‌പോസ്റ്റിലെത്തിയപ്പോള്‍ റോഡ് ടാക്‌സ് ഉള്‍പ്പെടെ 70,410 രൂപ തമിഴ്‌നാട് മോട്ടര്‍ വാഹന വകുപ്പും ചുമത്തി. ഞായറാഴ്ച കേരളത്തിലേക്കു സര്‍വീസ് പുനരാരംഭിച്ചപ്പോഴാണു തമിഴ്‌നാട് മോട്ടര്‍ വാഹന വകുപ്പു ബസ് പിടികൂടിയത്. തുടര്‍ന്നു പിഴ അടച്ചാല്‍ വാഹനം തിരികെ നല്‍കാമെന്ന് അറിയിക്കുകയായിരുന്നു.

ഇന്നലെ വൈകിട്ടു 4.45 നാണ് കോയമ്പത്തൂരില്‍ നിന്നു ബസ് പുറപ്പെട്ടത്. 6.10ന് വാളയാറിലേക്കു ബസ് പ്രവേശിച്ചപ്പോള്‍ നൂറുകണക്കിനാളുകള്‍ പടക്കം പൊട്ടിച്ചും തേങ്ങയുടച്ചും സ്വീകരിച്ചു. ബേബി ഗിരീഷിനെ ആരതിയുഴിഞ്ഞു വരവേറ്റ ശേഷം മധുരം വിതരണം ചെയ്തു. പത്തോളം ബൈക്കുകളും 3 കാറുകളും ബസിനെ കോയമ്പത്തൂര്‍ മുതല്‍ അനുഗമിച്ചിരുന്നു.

ബസ് വിട്ടുകിട്ടിയതറിഞ്ഞ്, സ്വീകരിക്കാന്‍ വൈകിട്ടു നാലര മുതല്‍ ആളുകള്‍ അതിര്‍ത്തിയില്‍ എത്തിയിരുന്നു. ബസ് ഉടമ കെ.കിഷോറും വാളയാറില്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. വാളയാര്‍ ടോള്‍ പ്ലാസയിലും ആളുകളെത്തി. വാളയാര്‍ മുതല്‍ വടക്കഞ്ചേരിവരെ പത്തോളം കേന്ദ്രങ്ങളില്‍ സ്വീകരണം ഒരുക്കി. 17 യാത്രക്കാരാണ് ഇന്നലെ ബസിലുണ്ടായിരുന്നത്.

Back to top button
error: