IndiaNEWS

ലോകകപ്പിന് പിന്നാലെ മോദിക്കെതിരെ രൂക്ഷ വിമർശനം

അഹമ്മദാബാദ്: സ്വന്തം പേരിട്ട സ്റ്റേഡിയത്തില്‍ പോയി കളി കാണാന്‍ സമയമുണ്ട്, പക്ഷെ ഇതുവരെ മണിപ്പൂര്‍ സന്ദര്‍ശിച്ചിട്ടില്ല; ലോകകപ്പിന് പിന്നാലെ മോദിക്കെതിരെ രൂക്ഷ വിമര്‍ശനം.

ലോകകപ്പ് ഫൈനല്‍ കാണാന്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസാണ് രംഗത്തെത്തിയിരിക്കുന്നത്. ക്രിക്കറ്റ് ലോകകപ്പ് മത്സരം കാണാന്‍ നേരിട്ട് പോയ മോദിക്ക്, സംഘര്‍ഷം തുടരുന്ന മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ ഇതുവരെ സമയം കിട്ടിയിട്ടില്ലെന്നാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞത്. എക്‌സ് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘സ്വന്തം പേരിട്ട സ്റ്റേഡിയത്തിലിരുന്ന് കളി കാണാന്‍ അദ്ദേഹത്തിന് സമയമുണ്ട്. നാളെ മുതല്‍ തെലങ്കാനയിലും, രാജസ്ഥാനിലും ചെന്ന് കോണ്‍ഗ്രസിനെതിരെ സംസാരിക്കാനും അദ്ദേഹം സമയം കണ്ടെത്തും. പക്ഷെ നാളുകളായി സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ കാര്യമായ സന്ദര്‍ശനം നടത്താന്‍ ഇന്നുവരെ മോദിക്കായിട്ടില്ല. അദ്ദേഹത്തിന്റെ മുന്‍ഗണനകള്‍ വളരെ വ്യക്തമാണ്,’ ജയറാം രമേശ് എക്‌സില്‍ കുറിച്ചു.
അതേസമയം ലോകകപ്പ് കിരീടം നേടിയ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി  അഭിനന്ദിച്ചു, ടൂര്‍ണമെന്റിലുടനീളമുള്ള നിങ്ങളുടെ മികച്ച പ്രകടനമാണ് ഉജ്ജ്വലമായ വിജയത്തില്‍ കലാശിച്ചതെന്ന് പറഞ്ഞ മോദി ഫൈനലിൽ സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡിനെ നേരിട്ട് അഭിനന്ദിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: