CrimeNEWS

നെയ്യാറ്റിൻകര പോളി ടെക്നിക്കിൽ ഒന്നാം വർഷ വിദ്യാർത്ഥിയെ റാഗിംഗ് ചെയ്തതിന് പൊലീസ് കേസ്; എസ്എഫ്ഐയുടെ സജീവ പ്രവർത്തകരായ നാലുപേർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: നെയ്യാറ്റിൻകര പോളി ടെക്നിക്കിൽ ഒന്നാം വർഷ വിദ്യാർത്ഥിയെ റാഗിംഗ് ചെയ്തതിന് പൊലീസ് കേസെടുത്തു. വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികളായ 20 ലേറെ പേർ അടങ്ങുന്ന സംഘം ക്ലാസ്മുറിയിൽ കയറി മർദ്ദിക്കുകയായിരുന്നു. നാല് ദിവസം മുൻപ് നവംബർ 14നാണ് സംഭവം നടന്നത്. ഒന്നാം വർഷ ഇൻസ്ട്രുമെന്റേഷൻ വിദ്യാർത്ഥി അനൂപിനാണ് മർദ്ദനമേറ്റത്.

അനൂപിന്റെ സ്വകാര്യ ഭാഗങ്ങളിലടക്കം ചവിട്ടി സാരമായി പരിക്കേൽപ്പിച്ചിട്ടുണ്ട്. ഇയാളിപ്പോൾ ആയുർവേദ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് വിവരം. സംഭവത്തിൽ സീനിയർ വിദ്യാർത്ഥികളായ എബിൻ, ആദിത്യൻ, അനന്ദു, കിരൺ എന്നിവരെ കോളേജിൽ നിന്ന് സസ്പെന്റ് ചെയ്തു. ഇവർക്ക് പുറമെ കണ്ടാലറിയാവുന്ന 20 ഓളം പേരെ കൂടി ചേർത്ത് നെയ്യാറ്റിൻകര പൊലീസ് റാഗിംഗിന് കേസെടുത്തു.

പ്രതികളെല്ലാം എസ്എഫ്ഐയുടെ സജീവ പ്രവർത്തകരാണെന്നാണ് വിവരം. പോളിടെക്‌നിക് കോളേജ് പ്രിൻസിപ്പലിന്റെ പരാതിയിലാണ് നെയ്യാറ്റിൻകര പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുത്തത്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. രാഷ്ട്രീയ ഭീഷണി ഭയന്ന് അനൂപിന്റെ കുടുംബം പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: