FeatureLIFE

ഒരേ സമയം മുട്ടില്‍ മഹല്ല് കമ്മിറ്റിയുടെയും മഹാവിഷ്ണു ക്ഷേത്രത്തിന്‍റെയും പ്രസിഡന്റായി ഒരാൾ; വർഷങ്ങൾ പഴക്കമുള്ള വയനാട് മുട്ടിലിലെ ആ കഥ അറിയാം

കൽപ്പറ്റ: ഒരേ സമയം മുട്ടില്‍ മഹല്ല് കമ്മിറ്റിയുടെയും മഹാവിഷ്ണു ക്ഷേത്രത്തിന്‍റെയും പ്രസിഡന്റായി ഒരാൾ. വർഷങ്ങൾ പഴക്കമുള്ള വയനാട് മുട്ടിലിലെ ആ കഥ അറിയാം. ‘മുട്ടിൽ മഹല്ല് കമ്മിറ്റിയുടെ അധ്യക്ഷന്റെ മകൻ കളത്തിൽ ദിവാകരൻ അന്തരിച്ചിരിക്കുന്നു’- ഇങ്ങനെയൊരു ചരമ വാർത്തയിൽ കണ്ണിലുടക്കിയപ്പോഴാണ് കൗതുകമായത്. അങ്ങനെ ദിവാകരന്റെ അച്ഛനെ തേടി യാത്രയായി. രാധാഗോപി മേനോൻ. ആ മേൽവിലാസത്തിന്റെ മൂല്യം ഇന്ന് ഗണിക്കാൻ ഒക്കില്ല. മുട്ടിൽ മഹല്ല് കമ്മിറ്റിയുടെ മിനുട്സിൽ ഒന്നാം പേരുകാരൻ രാധാഗോപി മേനോന്‍ തന്നെ.

ഒരേ സമയം മുട്ടില്‍ മഹല്ല് കമ്മിറ്റിയുടെയും മഹാവിഷ്ണു ക്ഷേത്രത്തിന്‍റെയും ഭരണസാരഥ്യത്തിലെത്തിയ മനുഷ്യൻ. മലപ്പുറം ആനക്കരയിൽ നിന്ന് രാധാഗോപിമേനോന്‍ 1936 -ല്‍ വയനാട്ടിലേക്കെത്തി. ചെമ്പ്രപീക്ക് ഉള്‍പ്പെടുന്ന എസ്റ്റേറ്റില്ലായിരുന്നു ജോലി. പിന്നീട് മുട്ടിലില്‍ സ്ഥിരതാമസമാക്കി. ഈശ്വരവിശ്വാസിയായിരുന്ന മേനോന്‍ സര്‍വ്വസമ്മതനായിരുന്നു. അങ്ങനെയാണ് മുട്ടില്‍ മഹല്ല് കമ്മിറ്റിയുടെ തലവൻ ആയത്. അത് പിന്നെ മുട്ടില്‍ എന്ന ദേശത്തിന്‍റെയും ചരിത്രമായി.

Signature-ad

വെള്ളിയാഴ്ച പള്ളികളില്‍ എത്തുന്ന വിശ്വാസികളെ സ്വീകരിക്കാന്‍ നേരിട്ട് എത്തുമായിരുന്നു രാധാഗോപി മേനോൻ. മഹല്ലിന്റെ വരവുചെലവുകണക്കുകൾ അദ്ദേഹം സൂക്ഷ്മതയോടെ കൈകാര്യം ചെയ്തു. മഹല്ല് നിവാസികൾക്കിടയിലുണ്ടാകുന്ന പ്രശ്നങ്ങളിൽ അദ്ദേഹം തീർപ്പു കൽപിച്ചാൽ ആരും മറുത്തു പറഞ്ഞിരുന്നില്ല. പിന്നീട് പൊതുരംഗത്തെ ഉത്തരവാദിത്തങ്ങൾ വർദ്ധിച്ചതോടെ മഹല്ലിലെ പ്രമുഖരെ വിളിച്ചു ചേർത്ത് ഭരണം അവർക്കു കൈമാറി.

മുട്ടിൽ ചെറുമൂലയിൽ അദ്ദേഹം സ്ഥാപിച്ച എ.യു.പി സ്കൂളാണ് വയനാട് മുസ്ലിം ഓർഫനേജിന് വിട്ടു കൊടുക്കുന്നത്. അർഹിക്കുന്ന കൈകളിൽ തന്നെയാണ് തന്റെ കുഞ്ഞിനെ ഏൽപിക്കുന്നത് എന്നായിരുന്നു അന്നന്നെ അദ്ദേത്തിന്റെ പ്രതികരണം. 1989ൽ തന്റെ 84ാം വയസ്സിലാണ് അദ്ദേഹം മരിച്ചത്. ഇതെല്ലാം നമുക്കിന്നു മത സൗഹാർദം ആയി തോന്നാം. എന്നാൽ പണ്ടത് സ്വാഭാവികത ആണെന്ന് ഓർക്കേണ്ടതുണ്ട്.

Back to top button
error: