HealthNEWS

അപകടകാരിയാണ് ന്യൂമോണിയ; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

ശ്വാസകോശത്തിലുണ്ടാകുന്ന അണുബാധയെ തുടര്‍ന്നുണ്ടാകുന്ന ഗുരുതര രോഗമാണ് ന്യൂമോണിയ. ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയ സൂക്ഷമാണുക്കളാണ് രോഗത്തിന് കാരണമാകുന്നത്.

ന്യൂമോണിയ ബാധിതര്‍ ചുമക്കുമ്ബോഴും തുമ്മുമ്ബോഴുമെല്ലാം പുറത്തു വരുന്ന രോഗാണുക്കള്‍ അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുകയും ഇത് ശ്വാസകോശത്തിലെത്തുകയും ചെയ്യും.
ഇത് ശ്വാസകോശത്തിലെ വായു അറകളിലേക്ക് എത്തുന്നതിനെ തുടര്‍ന്നാണ് അണുബാധ ഉണ്ടാകുന്നത്.

ഇത് മൂലം കുമിളകള്‍ പോലെ കാണപ്പെടുന്ന ഈ അറകള്‍ക്ക് നാശം സംഭവിക്കുകയും ഇവിടെ പഴുപ്പ് കലര്‍ന്ന ദ്രാവകങ്ങള്‍ നിറയുകയും ചെയ്യും. ശരീരത്തില്‍ ഓക്സിജന്റെ അളവ് കുറയാനും ശ്വാസതടസം പോലുള്ള പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകുന്നു. എത്രയും വേഗം കണ്ടെത്തി ചികിത്സ തേടിയില്ലെങ്കില്‍ ജീവൻ നഷ്ടപ്പെടുന്നത് ഉള്‍പ്പെടെയുള്ള ഗുരുതര പ്രശ്നങ്ങള്‍ സംഭവിക്കുകയും ചെയ്യും.

Signature-ad

ചുമ, പനി, വിറയല്‍, അമിതമായ വിയര്‍പ്പ്, ശ്വാസതടസ്സം, നെഞ്ചുവേദന എന്നിവയെല്ലാമാണ് ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങള്‍. അതേസമയം രോഗ ബാധിതരുടെ പ്രായം, ആരോഗ്യസ്ഥിതി, അണുബാധയ്ക്ക് കാരണമാകുന്ന രോഗാണുവിന്റെ തരം എന്നിവയുടെ അടിസ്ഥാനത്തില്‍ ലക്ഷണങ്ങളും തീവ്രതയും വ്യത്യസ്തമായിട്ടായിരിക്കും അനുഭവപ്പെടുക.

കുട്ടികളില്‍ ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. ചിലപ്പോള്‍ പ്രത്യേക ലക്ഷണങ്ങളൊന്നും കാണിക്കണമെന്നില്ല. നവജാത ശിശുക്കളിലും കുഞ്ഞുങ്ങളിലും പൊതുവെ പ്രകടമായ ലക്ഷണങ്ങള്‍ ഉണ്ടാകാറില്ല. അതേസമയം ചിലരില്‍ ക്ഷീണിതരായി കാണാനും ഒരു പക്ഷേ ചുമ, പനി തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.

രോഗ ചരിത്രം മനസിലാക്കിയ ശേഷം നെഞ്ചിന്റെ(Chest X-ray PA View) എക്സ്റേ ഉപയോഗിച്ചുള്ള റേഡിയോളജിക്കല്‍ പരിശോധന നടത്തിയാണ് രോഗം കണ്ടെത്തുന്നത്.സീ റിയാക്ടീവ് പ്രോട്ടീൻ (സി.ആര്‍.പി) ഉള്‍പ്പെടെയുള്ള രക്തപരിശോധനകള്‍ നടത്തുന്നത് വഴി ന്യൂമോണിയയുടെ തീവ്രത വിലയിരുത്താൻ കഴിയും. പി.സി.ആര്‍ ടെക്നിക്കിന്റെ സഹായത്തോടെ രക്തം, കഫം എന്നിവ കള്‍ച്ചര്‍ ചെയ്യുന്നതിലൂടെയാണ് രോഗകാരിയെ കണ്ടെത്തുന്നത്. ചില രോഗികളില്‍ ചികിത്സയോട് പ്രതികരിക്കാത്ത സാഹചര്യം ഉണ്ടാകാറുണ്ട്. ഇവര്‍ക്ക് സി.ടി തൊറാക്സിക് പരിശോധന ആവശ്യമായി വന്നേക്കാം. ബ്രോങ്കോസ്കോപ്പിയുടെ സഹായത്തോടെയാണ് മൈക്രോ ബയോളജി സാംപിളുകള്‍ സ്വീകരിക്കുന്നത്.

അതേസമയം രോഗിക്ക് പ്ലൂറല്‍ എഫ്യൂഷൻ പോലുള്ള സങ്കീര്‍ണതകള്‍ ഉണ്ടായാല്‍ അത് ആസ്പിറേഷൻ വഴിയോ ശസ്ത്രക്രിയയിലൂടെയോ നീക്കം ചെയ്യേണ്ടതാണ്.

അണുബാധക്ക് അനുസരിച്ചാണ് ഏതൊക്കെ ആൻറിബയോട്ടിക്കുകളും ആൻറിവൈറല്‍ മരുന്നുകളും നല്‍കണം തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിക്കുക. രോഗകാരിയെ കണ്ടെത്താൻ കാലതാമസമെടുക്കും എന്നതിനാല്‍ ശരീരത്തിന് അനുയോജ്യമായ സാധാരണ ആൻറിബയോട്ടിക്കുകള്‍ (എംപീരിയല്‍ ആൻറിബയോട്ടിക്സ്) ഉപയോഗിച്ചാണ് ചികിത്സിക്കുക. പിന്നീട് രോഗകാരിയെ തിരിച്ചറിഞ്ഞ ശേഷം തക്കതായ ആൻറിബയോട്ടിക്കുകള്‍ ഉപയോഗിച്ചാകും തുടര്‍ ചികിത്സകള്‍.

ചില രോഗികളില്‍ ആൻറിബയോട്ടിക്കുകള്‍ക്ക് പുറമെ ഓക്സിജൻ തെറാപ്പി, നോണ്‍ ഇൻവേസിവ് അല്ലെങ്കില്‍ ഇൻവേസിവ് വെന്റിലേഷൻ, മറ്റ് സപ്പോര്‍ട്ടീവ് ചികിത്സകള്‍ എന്നിവയെല്ലാം ആവശ്യമായി വന്നേക്കാം. നല്ല ഭക്ഷണം കഴിക്കുന്നതും നന്നായി വെള്ളം കുടിക്കുന്നതും മതിയായ വിശ്രമം എടുക്കുന്നതും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാൻ സഹായിക്കും.

Back to top button
error: