Fiction

ലാഭം മാത്രം ലക്ഷ്യമാക്കി ജീവിക്കുത്, ഒടുവിൽ നഷ്ടങ്ങളായിരിക്കും മിച്ചം

വെളിച്ചം

   അടുത്ത ഗ്രാമത്തിലേക്ക് നദികുറുകെ കടന്നാണ് അയാൾ പാല്‍ വില്‍ക്കാന്‍ പോയിരുന്നത്. വഞ്ചിയിലെ യാത്രയ്ക്കിടയില്‍ പാല്‍പാത്രത്തില്‍ വെള്ളം കലര്‍ത്തും.  അങ്ങിനെ കുറഞ്ഞകാലം കൊണ്ടുതന്നെ അയാള്‍ ധനാഢ്യനായി മാറി.

Signature-ad

കാലം കടന്നുപോയി.  അയാളുടെ മകന്റെ വിവാഹത്തിനായി നിറയെ സ്വര്‍ണ്ണവും വസ്ത്രങ്ങളും കൊണ്ട് വഞ്ചിയില്‍ വീട്ടിലേക്ക് വരികയാണ്.  പക്ഷേ, അമിതഭാരം മൂലം വഞ്ചി മുങ്ങി.  ഭൂരിഭാഗംവസ്തുക്കളും നദികവര്‍ന്നു.  ഇത് കണ്ട് അയാള്‍ വാവിട്ടു നിലവിളിച്ചു.  അപ്പോള്‍ അന്തരീക്ഷത്തില്‍ ഒരു ശബ്ദം മുഴങ്ങി:
”നിങ്ങളെന്തിനാണ് കരയുന്നത്?  ഈ വെള്ളമുപയോഗിച്ച് നിങ്ങള്‍ സമ്പാദിച്ചതിന്റെ ഒരു ഭാഗമല്ലേ ആ നദി കൊണ്ടുപോയത്?”

ഏതു പ്രവര്‍ത്തിക്കും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവര്‍ത്തനമുണ്ടാകുമെന്നത് ശാസ്ത്രവ്യാഖ്യാനം മാത്രമല്ല, കര്‍മ്മഫലത്തിനുളള പ്രതിഫലനം കൂടിയാണ്.

എല്ലാവരുടേയും സ്വപ്നങ്ങളും വിജയസങ്കല്‍പങ്ങളും വ്യത്യസ്തമാണ്. പക്ഷേ, സഞ്ചരിക്കുന്ന വഴികളില്‍ ചില പൊതുന്യായങ്ങള്‍ ഉണ്ടാകണം. യാത്രചെയ്യുന്നത് നല്ലതാണ്.  പക്ഷേ, ആ യാത്രകള്‍ അന്യന്റെ വഴികളെ മലിനമാക്കിയാകരുത്. എല്ലാ ജീവിതങ്ങളും മറ്റേതെങ്കിലുമൊക്കെ ജീവിതത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്.  ആശ്രിതവഞ്ചന ആത്മവഞ്ചനയാണ്.  ലാഭം മാത്രം നോക്കുന്നവരുടെ ജീവിതം ഓഡിറ്റ് ചെയ്താല്‍ അതിന്റെ ബാലന്‍സ്ഷീറ്റില്‍ നഷ്ടങ്ങള്‍മാത്രമേ കാണൂ. നേരുള്ള ബന്ധങ്ങളും സമ്പാദ്യങ്ങളും മാത്രമേ ഉപയോഗക്ഷമമാകൂ. നമുക്ക് നേരിന്റെ കൂലി മാത്രം നേടാന്‍ ശ്രമിക്കാം.

ശുഭദിനം ആശംസിക്കുന്നു.

സൂര്യനാരായണൻ

ചിത്രം: നിപു കുമാർ

Back to top button
error: