CrimeNEWS

തുര്‍ക്കിയിലെത്തിയ ബ്രിട്ടീഷ് യുവദമ്പതികൾ തമ്മിൽ തർക്കം; ഹോട്ടല്‍ മുറിയില്‍ വെച്ച് ഭാര്യയെ 41 തവണ സ്ക്രൂഡ്രൈവര്‍ ഉപയോഗിച്ച് കുത്തി; യുവാവ് അറസ്റ്റിൽ

ഇസ്തംബൂള്‍: ഭാര്യയ്ക്കൊപ്പം വിനോദ യാത്രയ്ക്ക് തുര്‍ക്കിയിലെത്തിയ ബ്രിട്ടീഷ് യുവാവ് അവിടെ ഹോട്ടല്‍ മുറിയില്‍ വെച്ച് ഭാര്യയെ കുത്തിക്കൊന്നു. 26 വയസുകാരിയെ വാക്കുതര്‍ക്കത്തിനിടെ സ്ക്രൂ ഡ്രൈവര്‍ കൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ദമ്പതികള്‍ താമസിച്ചിരുന്ന മുറിയില്‍ നിന്ന് ബഹളം കേട്ടുവെന്നും പിന്നീട് യുവതിയെ ചോരയില്‍ കുളിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നും ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നു. 28 വയസുകാരനായ യുവാവ് പൊലീസ് കസ്റ്റഡിയിലാണ്.

കുത്തേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന യുവതിയെ ആശുപത്രിയില്‍ എത്തിക്കാന്‍ പൊലീസും മെഡിക്കല്‍ ജീവനക്കാരും എത്തിയെങ്കിലും അധികം വൈകാതെ മരണം സംഭവിക്കുകയായിരുന്നു. വഴക്കിനിടെ സ്ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് യുവതിയുടെ കഴുത്തില്‍ കുത്തിയെന്നാണ് പരിശോധനയില്‍ വ്യക്തമായത്. 41 തവണ സ്ക്രൂഡ്രൈവര്‍ ഉപയോഗിച്ച് ഇങ്ങനെ കുത്തിയത്രെ. തുര്‍ക്കിഷ് പൊലീസ് അപ്പോള്‍ തന്നെ യുവാവിനെ കസ്റ്റഡിയില്‍ എടുത്ത് അന്വേഷണം തുടങ്ങി. രക്തം പുരണ്ട ടീഷര്‍ട്ട് ധരിച്ച് ഇയാള്‍ ഹോട്ടലില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. വിലങ്ങ് ധരിപ്പിച്ച യുവാവിനെ രണ്ട് പൊലീസുകാര്‍ ബലമായി പിടിച്ചുകൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ തുര്‍ക്കിഷ് മാധ്യമങ്ങള്‍ പുറത്തുവിട്ടു.

Signature-ad

പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. കൊലപാതകം നടത്തിയ ശേഷം സ്ക്രൂ ഡ്രൈവര്‍ എവിടെ ഉപേക്ഷിച്ചു എന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ആക്രമണത്തിന് ശേഷം ടോയ്ലറ്റില്‍ ഉപേക്ഷിച്ചിരുന്ന സ്കൂഡ്രൈവര്‍ പിന്നീട് കണ്ടെടുത്തു. ആക്രമണം നടന്ന ദിവസം ഭാര്യ തനിക്ക് മരുന്നുകള്‍ തന്നുവെന്ന് ആരോപിച്ചായിരുന്നു തര്‍ക്കം തുടങ്ങിയതെന്ന് ഇയാള്‍ പറഞ്ഞു. എന്നാല്‍ മുറിയില്‍ നിന്ന് ഏതെങ്കിലും മരുന്നുകളുടെ അവശിഷ്ടങ്ങളോ മരുന്നുകളോ മറ്റോ കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല. അതേസമയം മാനസിക പ്രശ്നങ്ങള്‍ക്ക് താന്‍ മരുന്ന് കഴിച്ചിരുന്നതായി ഇയാള്‍ സമ്മതിച്ചു. ആക്രമണം നടത്തിയ ശേഷം ആയുധം ഒളിപ്പിക്കുകയും തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തതായി ഇയാള്‍ സമ്മതിച്ചു.

നവംബര്‍ 11ന് ആണ് ദമ്പതികള്‍ ഇംഗ്ലണ്ടില്‍ നിന്ന് ഇസ്തംബൂളിലെത്തിയത്. ഹോട്ടലില്‍ താമസിച്ചു വരുന്നതിനിടെ പതിനാലാം തീയ്യതിയാണ് കൊലപാതകം നടന്നത്. വിശദമായ അന്വേഷണം തുടരുകയാണെന്ന് തുര്‍ക്കിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Back to top button
error: