ആലുവയില്‍ 5 വയസ്സുകാരിയുടെ കുടുംബത്തില്‍ നിന്നും പണം തട്ടിയ സംഭവത്തില്‍ മഹിളാ കോണ്‍ഗ്രസ് നേതാവിന് സസ്‌പെന്‍ഷന്‍. മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഹസീന മുനീറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
ഈ സംഭവത്തില്‍ ഹസീനയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് പാർട്ടി വിലയിരുത്തി. ആലുവയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് ലഭിച്ച സഹായധനത്തില്‍ നിന്നും 1.20 ലക്ഷം രൂപ പലപ്പോഴായി ഹസീനയുടെ ഭര്‍ത്താവ് മുനീര്‍ തട്ടിയെടുത്തു എന്നാണ് ആരോപണം.
ഇക്കാര്യത്തെപ്പറ്റി പഞ്ചായത്ത് പ്രസിഡന്റിനോടും മറ്റും പെണ്‍കുട്ടിയുടെ പിതാവ് പരാതിപ്പെട്ടു. കളി കാര്യമായതോടെ 70,000 രൂപ തിരികെ നല്‍കി. സംഭവം വീണ്ടും വിവാദമായതോടെ, മുനീര്‍ 50,000 രൂപയും പെണ്‍കുട്ടിയുടെ പിതാവിനെ തിരികെ ഏൽപ്പിച്ചു.
പണം തട്ടിയ വാര്‍ത്ത പുറത്തുവരികയും വിവാദമാകുകയും ചെയ്തതോടെയാണ് മുനീര്‍ മുഴുവന്‍ പണവും തിരികെ നല്‍കാൻ സന്നദ്ധനായത്. പണം തന്നില്ലെങ്കില്‍ പോലീസില്‍ പരാതി നല്‍കുമെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞിരുന്നു.
മഹിളാ കോണ്‍ഗ്രസ് നേതാവ് ഹസീനയുടെ ഭര്‍ത്താവ് മുനീര്‍ നന്നായി ഹിന്ദി സംസാരിക്കും. ഭാഷാസഹായിയായാണ് ഇയാള്‍ കുടുംബത്തിനൊപ്പം കൂടിയത്.
ജൂലൈ 28 നാണ് ബിഹാറി കുടുംബത്തിന്റെ അഞ്ചു വയസ്സുകാരിയായ ബാലികയെ കാണാതാകുന്നത്. പിറ്റേന്ന് ആലുവ മാര്‍ക്കറ്റില്‍ നിന്നും കുട്ടിയുടെ മൃതശരീരം കണ്ടെത്തി. കുട്ടിയെ കാണാതായ സമയം മുതല്‍ കുടുംബത്തെ സഹായിക്കാന്‍ മുന്നില്‍ നിന്നവരാണ് ഹസീനയും മുനീറും. പല തവണയായിട്ടാണ് പല ആവശ്യങ്ങള്‍ പറഞ്ഞാണ് പെണ്‍കുട്ടിയുടെ പിതാവില്‍ നിന്നും 1.20 ലക്ഷം രൂപ തട്ടിയെടുക്കുന്നത്. ഈ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാര തുകയില്‍ നിന്നാണ് മഹിളാ കോണ്‍ഗ്രസ് നേതാവും ഭർത്താവും പണം തട്ടിയെടുത്തത്.
ഇതിനിടെ, പുറത്തു വന്ന വാര്‍ത്ത കളവാണെന്ന് പറയാൻ മുനീര്‍ പെണ്‍കുട്ടിയുടെ പിതാവിനോട് ആവശ്യപ്പെട്ടു. മുനീറും പെണ്‍കുട്ടിയുടെ പിതാവും തമ്മിലുള്ള ടെലഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് പുറത്തു വന്നിരുന്നു.