ബംഗളൂരു: ഉഡുപ്പിയില്‍ ഒരു കുടുംബത്തിലെ 4 പേരെ വീട്ടില്‍ കയറി കുത്തിക്കൊന്ന കേസില്‍, രാജ്യാന്തര വിമാനക്കമ്പനിയില്‍ കാബിന്‍ ക്രൂവായ മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീണ്‍ അരുണ്‍ ചഗ്ലയെ (28) പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 28 വരെ പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. കെമ്മണ്ണ് തൃപ്തി ലേഔട്ടില്‍ ഹസീന (48), മക്കളായ അഫ്‌നാന്‍ (23), അയ്‌നാസ് (21), അസീം (12) എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെയായിരുന്നു നാടിനെ നടുക്കിയ കൊലപാതക പരമ്പര.
കൊല്ലപ്പെട്ട ഐനാസ് എയര്‍ ഹോസ്റ്റസായി ജോലി ചെയ്യുന്ന മംഗ്‌ളുറു വിമാനത്താവളത്തില്‍ പ്രവീണ്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. പ്രവീണും ഐനാസും തമ്മിലുള്ള ബന്ധവും സ്വര്‍ണ ഇടപാടുകള്‍ അടക്കമുള്ള വിഷയങ്ങളുമാണ് കൊലപാതക കാരണമെന്നാണ് പൊലീസ് നിഗമനം. അയ്‌നാസ് പ്രണയത്തില്‍നിന്ന് പിന്‍മാറിയതായും പൊലീസ് സംശയിക്കുന്നു. അയ്‌നാസും പ്രവീണും തമ്മില്‍ നിരന്തരം ഫോണ്‍ വിളിച്ചിരുന്നതായി കണ്ടെത്തിയതും കൊലപാതകത്തിനു ശേഷം ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയതുമാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്.
അയ്‌നാസിനെ കേന്ദ്രീകരിച്ചായിരുന്നു തുടക്കം മുതല്‍ പൊലീസിന്റെ അന്വേഷണം. അയ്‌നാസിനെ കൊലപ്പെടുത്താന്‍ മാത്രമാണ് പ്രവീണ്‍ ലക്ഷ്യമിട്ടിരുന്നതെന്ന് മറ്റുള്ളവര്‍ തടസ്സം സൃഷ്ടിച്ചതാണ് ഇവരുടെ കൊലപാതകത്തിനും വഴിയൊരുക്കിയതെന്നും ഉഡുപ്പി എസ്പി അരുണ്‍ കുമാര്‍ പറഞ്ഞു. ഹസീനയുടെ ഭര്‍തൃമാതാവ് ഹാജറ (70) കുത്തേറ്റിരുന്നെങ്കിലും ഇവരുടെ നില മെച്ചപ്പെട്ടു.
വഞ്ചിച്ചതിനാലാണു കൊലപ്പെടുത്തിയതെന്നാണ് പ്രവീണ്‍ പൊലീസിനു നല്‍കിയ മൊഴി. എന്നാല്‍, കൊലയ്ക്കു പിന്നില്‍ ഒന്നില്‍ കൂടുതല്‍ കാരണമുണ്ടന്നും അന്വേഷണം തുടരുന്നതായും പോലീസ് അറിയിച്ചു.