IndiaNEWS

റെയില്‍വേ കഴിഞ്ഞാല്‍ ഏറ്റവും വലിയ തൊഴില്‍ദാതാവ്; സുബ്രത റോയ് രാജ്യം കണ്ട കരുത്തനായ ബിസിനസുകാരന്‍

മുംബൈ: സഹാറ ഗ്രൂപ്പിന്റെ സ്ഥാപകന്‍ സുബ്രത റോയ് അന്തരിച്ചു. 75 വയസായിരുന്നു. ഏറെ നാളായി മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ധനകാര്യം, റിയല്‍ എസ്റ്റേറ്റ്, മീഡിയ, ഹോസ്പിറ്റാലിറ്റി തുടങ്ങി വിവിധ മേഖലകളില്‍ വ്യാപിച്ചുകിടക്കുന്ന ഒരു വലിയ സാമ്രാജ്യം സ്ഥാപിച്ച സുബ്രത റോയ് രാജ്യത്തെ ബിസിനസ് വ്യക്തിത്വങ്ങളില്‍ ശ്രദ്ധേയനായിരുന്നു.

1948 ജൂണ്‍ 10 ന് ബീഹാറിലെ അരാരിയയില്‍ ആണ് സുബ്രത റോയ് ജനിച്ചത്. ഗോരഖ്പൂരിലെ ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ വിദ്യാഭ്യാസം നേടിയതോടെയാണ് റോയിയുടെ ബിസിനസ് യാത്ര ആരംഭിച്ചത്. 1976-ല്‍ ബുദ്ധിമുട്ടിലായ ചിട്ടി ഫണ്ട് കമ്പനിയായ സഹാറ ഫിനാന്‍സ് ഏറ്റെടുത്തു. 1978-ഓടെ അദ്ദേഹം അതിനെ സഹാറ ഇന്ത്യ പരിവാറാക്കി മാറ്റി.

Signature-ad

സുബ്രത റോയിയുടെ നേതൃത്വത്തില്‍ സഹാറ നിരവധി ബിസിനസുകളിലേക്ക് വ്യാപിച്ചു. 1992-ല്‍ രാഷ്ട്രീയ സഹാറ എന്ന ഹിന്ദി ഭാഷാ പത്രം ആരംഭിച്ചു. 1990-കളുടെ അവസാനത്തില്‍ പൂനെയ്ക്ക് സമീപം ആംബി വാലി സിറ്റി പദ്ധതിക്ക് തുടക്കമിട്ടു. സഹാറ ടിവിയിലൂടെ ടെലിവിഷന്‍ രംഗത്തും ഗ്രൂപ്പ് പ്രവേശിച്ചു, പിന്നീട് സഹാറ വണ്‍ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. 2000-കളില്‍, ലണ്ടനിലെ ഗ്രോസ്വെനര്‍ ഹൗസ് ഹോട്ടല്‍, ന്യൂയോര്‍ക്ക് സിറ്റിയിലെ പ്ലാസ ഹോട്ടല്‍ തുടങ്ങിയ സ്വത്തുക്കള്‍ ഏറ്റെടുത്ത് സഹാറ അന്താരാഷ്ട്ര പ്രസിദ്ധിയുമാര്‍ജിച്ചു.

1.2 ദശലക്ഷം തൊഴിലാളികളുള്ള ഇന്ത്യന്‍ റെയില്‍വേയ്ക്ക് ശേഷം ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ തൊഴില്‍ ദാതാവായി സഹാറ ഇന്ത്യ പരിവാറിനെ ഒരിക്കല്‍ ടൈം മാഗസിന്‍ തിരഞ്ഞെടുത്തിരുന്നു. അതിനിടെ വലിയ തിരിച്ചടികളും സുബ്രത റോയിയും സഹാറ ഗ്രൂപ്പും നേരിട്ടു. സെബിയുമായുള്ള തര്‍ക്കത്തില്‍ കോടതിയില്‍ ഹാജരാകുന്നതില്‍ പരാജയപ്പെട്ടതിന് 2014-ല്‍സുപ്രീം കോടതി അദ്ദേഹത്തെ തടങ്കലില്‍ വയ്ക്കാന്‍ ഉത്തരവിട്ടു.

ഇത് നീണ്ട നിയമയുദ്ധത്തിലേക്ക് നയിച്ചു. റോയ് തിഹാര്‍ ജയിലില്‍ കഴിയുകയും ഒടുവില്‍ പരോളില്‍ പുറത്തിറങ്ങുകയും ചെയ്തു. സഹാറ നിക്ഷേപകര്‍ക്ക് ശതകോടികള്‍ റീഫണ്ട് ചെയ്യണമെന്ന സെബിയുടെ ആവശ്യത്തെ ചുറ്റിപ്പറ്റിയായിരുന്നു കേസ്. ഈസ്റ്റ് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിസിനസ് നേതൃപാടവത്തില്‍ ഓണററി ഡോക്ടറേറ്റ്, ലണ്ടനിലെ പവര്‍ബ്രാന്‍ഡ്സ് ഹാള്‍ ഓഫ് ഫെയിം അവാര്‍ഡില്‍ ബിസിനസ് ഐക്കണ്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്.

സഹാറ ഇവോള്‍സ് പോലുള്ള ഇലക്ട്രിക് വാഹനങ്ങളുടെ സംരംഭങ്ങളിലൂടെ സുബ്രത റോയ് ഭാവിയിലേക്ക് ഉറ്റുനോക്കി. കൂടാതെ ചെറുപട്ടണങ്ങളെയും ഗ്രാമങ്ങളെയും ലക്ഷ്യമിട്ട് എഡുന്‍ഗുരുവിനൊപ്പം ഓണ്‍ലൈന്‍ വിദ്യാഭ്യാസ മേഖലയിലേക്ക് പ്രവേശിക്കാനും ഗ്രൂപ്പ് പദ്ധതിയിടുന്നുണ്ട്.

 

Back to top button
error: