NEWSSocial Media

ഐശ്വര്യ റായിയെ വിവാഹം ചെയ്തതുകൊണ്ട് നല്ല കുഞ്ഞു ജനിക്കണമെന്നില്ല; റസാഖിന്റെ ‘ഉപമ’ പാളി

ഇസ്ലാമാബാദ്: ഇന്ത്യ ആതിഥ്യം വഹിക്കുന്ന ഏകദിന ലോകകപ്പിലെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ പ്രകടനം വിശകലനം ചെയ്യവേ, ബോളിവുഡ് നടി ഐശ്വര്യ റായിയുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്റെ മുന്‍ താരം അബ്ദുല്‍ റസാഖ് നടത്തിയ പരാമര്‍ശം വിവാദത്തില്‍. ലോകകപ്പില്‍ പാക്കിസ്ഥാന്റെ ദയനീയ പ്രകടനം വിലയിരുത്തുമ്പോഴാണ്, ഐശ്വര്യ റായിയുമായി ബന്ധപ്പെട്ട് റസാഖ് വിവാദ പരാമര്‍ശം നടത്തിയത്. ‘ഐശ്വര്യ റായിയെ വിവാഹം ചെയ്തതുകൊണ്ട് നല്ല കുഞ്ഞു ജനിക്കണമെന്ന് നിര്‍ബന്ധമില്ല’ എന്ന അബ്ദുല്‍ റസാഖിന്റെ പ്രസ്താവനയാണ് വിവാദമായത്. റസാഖിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തി.

പാക്കിസ്ഥാന്റെ മുന്‍ താരങ്ങളായ ഷാഹിദ് അഫ്രീദി, ഉമര്‍ ഗുല്‍ തുടങ്ങിയവര്‍ കൂടി പങ്കെടുത്ത ചര്‍ച്ചയ്ക്കിടെയായിരുന്നു റസാഖിന്റെ വിവാദ പരാമര്‍ശം. റസാഖിന്റെ വിവാദ പരാമര്‍ശത്തിന്, അഫ്രീദി കയ്യടിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ദയനീയ പ്രകടനത്തിന് പാക്ക് ക്രിക്കറ്റ് ബോര്‍ഡിനെ വിമര്‍ശിക്കുമ്പോഴായിരുന്നു, റസാഖിന്റെ വിവാദ പരാമര്‍ശം.

Signature-ad

”ക്യാപ്റ്റനെന്ന നിലയില്‍ വ്യക്തമായ ലക്ഷ്യവും ഉദ്ദേശ്യശുദ്ധിയുമുള്ള ആളായിരുന്നു യൂനിസ് ഖാന്‍. അദ്ദേഹത്തിന്റെ ഈ വ്യക്തത മികച്ച പ്രകടനം പുറത്തെടുക്കാന്‍ എനിക്ക് ആത്മവിശ്വാസം നല്‍കിയിരുന്നു. ഇവിടെയുള്ള എല്ലാവരും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിനേക്കുറിച്ചും ഉദ്ദേശ്യശുദ്ധിയേക്കുറിച്ചുമാണ് സംസാരിക്കുന്നത്. സത്യത്തില്‍, പാക്കിസ്ഥാനില്‍ മികച്ച താരങ്ങളെ കണ്ടെത്താനും വളര്‍ത്തിയെടുക്കാനും എത്ര കണ്ട് ഉദ്ദേശ്യശുദ്ധിയുണ്ട് എന്ന കാര്യത്തില്‍ എനിക്കു സംശയമുണ്ട്. ഐശ്വര്യ റായിയെ വിവാഹം ചെയ്തതുകൊണ്ടു മാത്രം നല്ല കുഞ്ഞു ജനിക്കുമെന്ന് ചിന്തിച്ചാല്‍ അതു നടക്കണമെന്നില്ല” -റസാഖ് പറഞ്ഞു.

ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം കിരീടം നേടുമെന്ന പ്രതീക്ഷകള്‍ സജീവമായിരുന്നെങ്കിലും, മോശം പ്രകടനവുമായി ടീം സെമി കാണാതെ പുറത്തായിരുന്നു. ഇന്ത്യ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ ടീമുകളോടു തോറ്റാണ് പാക്കിസ്ഥാന്‍ പുറത്തേക്കുള്ള വഴി കണ്ടത്.

Back to top button
error: