ചെന്നൈ: ഓടിക്കൊണ്ടിരിക്കെ ഇരുചക്രവാഹനത്തിന്റെ മുന്‍ ചക്രം ഉയര്‍ത്തി അഭ്യാസംകാണിച്ച് പടക്കംപൊട്ടിച്ച യുവാവിനെയും ദൃശ്യംവീഡിയോയിലെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവിനെയും അറസ്റ്റുചെയ്തു. തിരുച്ചിറപ്പള്ളി-ചിദംബരം ദേശീപാതയില്‍ അപകടകരമായ രീതിയില്‍ അഭ്യാസപ്രകടനം നടത്തിയ മണികണ്ഠന്‍ (24), വീഡിയോ എടുത്ത അജയ്(25)എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും തഞ്ചാവൂര്‍ സ്വദേശികളാണ്.
‘ഡെവിള്‍ റൈഡ്‌സ്’എന്ന ഇന്‍സ്റ്റാഗ്രാമിലും വീഡിയോ അപ്ലോഡ് ചെയ്തിരുന്നു. ഡെവിള്‍ റൈഡ്‌സ് അക്കൗണ്ട് ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് നീക്കം ചെയ്തു. തിരുച്ചിറപ്പള്ളി-തഞ്ചാവൂര്‍ ദേശീയപാതയില്‍ വീല്‍ ഉയര്‍ത്തി ബൈക്ക് ഓടിച്ച ഹുസൈന്‍ എന്ന യുവാവിനെയും പോലീസ് അറസ്റ്റുചെയ്തു.
ബൈക്കഭ്യാസ വീഡിയോകളിലൂടെ ശ്രദ്ധേയരായ 92 വ്ളോഗര്‍മാര്‍ക്ക് വേണ്ടി വലവിരിച്ചു തമിഴ്‌നാട് പോലീസ്. സാമൂഹികമാധ്യമങ്ങളിലൂടെ ബൈക്കഭ്യാസ വീഡിയോകള്‍ പ്രചരിപ്പിക്കുന്നവരുടെ പട്ടിക തയ്യാറാക്കിയ പോലീസ് ഇവര്‍ക്കെതിരേ തെളിവുകള്‍ ശേഖരിച്ചു വരുകയാണ്.
അമിത വേഗത്തില്‍ ബൈക്ക് ഓടിച്ചതിനെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ട പ്രമുഖ വ്ളോഗര്‍ ടി.ടി.എഫ്. വാസനെ കഴിഞ്ഞിടയ്ക്ക് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ലൈസന്‍സ് 10 വര്‍ഷത്തേക്ക് റദ്ദാക്കുകയും ചെയ്തു. ഇതിനൊപ്പം ഇയാളെ പോലെയുള്ള മറ്റ് വ്‌ളോഗര്‍മാരെയും പിടികൂടാന്‍ തീരുമാനിക്കുകയായിരുന്നു.
പട്ടികയിലുള്ള ഒരോരുത്തരുടെയും വീഡിയോയും മറ്റ് വിവരങ്ങളും ശേഖരിക്കുന്ന പോലീസ് ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അപകടകരമായി ബൈക്കോടിയ്ക്കാന്‍ ചെറുപ്പക്കാരെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള വിഡീയോ തയ്യാറാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് ഇവര്‍ക്കെതിരേയുള്ള ആരോപണം.