KeralaNEWS

കൗമാരക്കാരുടെ ബൈക്കിലെ അഭ്യാസം;രക്ഷിതാക്കള്‍ ജാഗ്രതപുലര്‍ത്തണം

പത്തനംതിട്ട:മുക്കിന് മുക്കിന് എ.ഐ. ക്യാമറയും വളവുകളില്‍പ്പോലും തമ്ബടിച്ച്‌ പോലീസ്-മോട്ടോര്‍ വാഹനവകുപ്പ് അധികൃതരുടെ വാഹനപരിശോധനയും നടക്കുന്ന കാലത്തും കുട്ടിഡ്രൈവര്‍മാരുടെ നിരത്തിലെ അഭ്യാസത്തിന് കുറവില്ല.

കൗമാരക്കാരായ വിദ്യാര്‍ഥികള്‍ ഇന്നും വ്യാപകമായി ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.എസ്.എസ്.എല്‍.സി.ക്കും പ്ലസ് ടുവിനും പഠിക്കുന്ന പ്രായപൂര്‍ത്തിയാവാത്ത കുട്ടികൾ സ്കൂള്‍ യൂണിഫോമിലും അല്ലാതെയും നിരത്തിലൂടെ വാഹനങ്ങളില്‍ ചീറിപ്പായുന്നത് ജില്ലയിലെങ്ങും  പതിവുകാഴ്ചയാണ്.

ബൈക്കുകളും സ്കൂട്ടറുകളുമാണ് കുട്ടികള്‍ക്ക് ഏറെ പ്രിയം. മൂന്നുംനാലുംപേരെ കയറ്റി ഹെല്‍മറ്റില്ലാതെ അതിവേഗത്തില്‍ കുതിക്കുന്ന ഇവര്‍ മറ്റു യാത്രികര്‍ക്കും ഭീഷണിയാണ്.കലാലയവിദ്യാര്‍ഥികള്‍ക്കിടയിലും ലൈസൻസില്ലാതെ വാഹനമോടിക്കുന്നവര്‍ കുറവില്ല. രക്ഷിതാക്കള്‍ അറിഞ്ഞും അറിയാതെയുമെല്ലാമാണ് കുട്ടികളുടെ ഈ നിയമലംഘനം.

Signature-ad

ശ്രദ്ധിക്കുക: പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കാൻ കൊടുക്കുന്ന രക്ഷിതാക്കള്‍ക്കെതിരെയും ശിക്ഷാനടപടി സ്വീകരിക്കും. 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് വാഹനമോടിക്കാൻ കൊടുക്കുന്ന ആര്‍.സി. ഓണര്‍ക്ക് മൂന്നുവര്‍ഷംവരെ തടവും 25000 രൂപ പിഴയുമാണ് ശിക്ഷ.

ശബ്ദമലിനീകരണമുണ്ടാക്കുന്ന സൈലൻസറും ഹോണും ഘടിപ്പിച്ച്‌ രണ്ടില്‍ക്കൂടുതല്‍ പേരെയും കയറ്റി ബൈക്കില്‍ പറക്കാനാണ് ‘ന്യൂജൻ’ പിള്ളേരില്‍ നല്ലൊരു വിഭാഗത്തിനും പ്രിയം. വിലകൂടിയ സൂപ്പര്‍ ബൈക്കുകളിലാണ് ചിലരുടെ കുതിപ്പ്. ഹെല്‍മെറ്റ് ധരിക്കുന്നത് ഇവര്‍ക്ക് അലര്‍ജിയാണ്.

 മൊബൈല്‍ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനമോടിക്കുന്നവരും കുറവല്ല. മരണത്തിലേക്ക് നീളുന്ന ഇത്തരം അപകടയാത്രകള്‍ തടയാൻ രക്ഷിതാക്കളോ, നിയമപാലകരോ കാര്യമായി ശ്രമിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

Back to top button
error: