KeralaNEWS

വിവാഹവും പ്രണയവും ഉള്‍പ്പെടെ ബന്ധങ്ങള്‍ തുടരണോ എന്നു തീരുമാനിക്കാനുള്ള ജനാധിപത്യ അവകാശം സ്ത്രീകള്‍ക്കുണ്ടെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി

കോഴിക്കോട്: വിവാഹവും പ്രണയവും ഉള്‍പ്പെടെ ബന്ധങ്ങള്‍ തുടരണോ എന്നു തീരുമാനിക്കാനുള്ള ജനാധിപത്യ അവകാശം സ്ത്രീകള്‍ക്കുണ്ടെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. തീരദേശ മേഖലയിലെ വനിതകളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനായി വനിത കമ്മിഷന്‍ സംഘടിപ്പിച്ച ക്യാമ്പിന്റെ ഭാഗമായ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിത കമ്മിഷന്‍ അധ്യക്ഷ. ബന്ധങ്ങള്‍ തുടരണോയെന്നതു സംബന്ധിച്ച് സ്ത്രീകള്‍ക്കുള്ള ജനാധിപത്യ അവകാശം സംബന്ധിച്ച് സമൂഹത്തില്‍ പൊതുബോധം വളര്‍ത്തിയെടുക്കണം. ഗാര്‍ഹിക പീഡനക്കേസുകളില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നതില്‍ നല്ലൊരു പങ്ക് സ്ത്രീകളാണ്. ഇത്തരം കേസുകളില്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നതിലും സ്ത്രീകളുണ്ട്. സ്ത്രീ വിരുദ്ധമായ കാഴ്ചപ്പാടോടു കൂടി സ്ത്രീകളും പുരുഷന്മാരും പെരുമാറുമ്പോഴാണ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നതെന്ന് സതീദേവി പറഞ്ഞു.

‘സ്ത്രീകളോടു ചെയ്യുന്ന ഏറ്റവും ഹീനമായ കുറ്റകൃത്യമാണ് ബലാത്സംഗം. പെണ്‍കുട്ടികളെ കച്ചവടം ചെയ്യുന്ന പെണ്‍വാണിഭ സംഘങ്ങള്‍ ഇപ്പോഴും നമ്മുടെ സമൂഹത്തിലുണ്ട്. സ്ത്രീകള്‍ക്കെതിരായ ചൂഷണങ്ങളും വിവേചനങ്ങളും പരിശോധിച്ച് കുറ്റക്കാരെ നിയമപരിധിയിലേക്ക് കൊണ്ടു വരുകയെന്ന ഉത്തരവാദിത്തമാണ് വനിത കമ്മിഷന്‍ നിര്‍വഹിക്കുന്നത്. സ്ത്രീകള്‍ ജോലി ചെയ്യുന്നത് പഴയ കാലത്ത് അഭിമാനപൂര്‍വം കണ്ടിരുന്നില്ല. ഇന്ന് പുരുഷന്റെ മാത്രം വരുമാനം കൊണ്ടു കുടുംബം പുലര്‍ത്താന്‍ കഴിയില്ലെന്ന കാഴ്ചപ്പാടിലേക്ക് സമൂഹമെത്തി കഴിഞ്ഞു. സ്ത്രീകള്‍ ഇന്ന് നാനാ മേഖലകളില്‍ കഴിവ് തെളിയിച്ച് മുന്നേറുകയാണ്. മുന്‍കാലങ്ങളില്‍ സ്ത്രീകള്‍ പൂച്ച നടത്തമേ പാടുള്ളു എന്ന മനോഭാവം സമൂഹം പുലര്‍ത്തിയിരുന്നു.’ ഇന്ന് അതു മാറി സ്ത്രീകള്‍ അഭിമാനത്തോടെ തല ഉയര്‍ത്തിപ്പിടിച്ച് ആത്മവിശ്വാസത്തോടെ സമൂഹത്തിലൂടെ നടക്കുന്നുണ്ടെന്നും സതീദേവി പറഞ്ഞു.

Signature-ad

കേരളത്തിലെ സ്ത്രീകളുടെ മുന്നേറ്റത്തില്‍ കുടുംബശ്രീ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും സതീദേവി കൂട്ടിച്ചേര്‍ത്തു. ‘ഇന്ന് നൂതന സംരംഭങ്ങള്‍ തുടങ്ങാന്‍ യുവതികളുടെ ഓക്സിലറി ഗ്രൂപ്പുകള്‍ക്കു പരിശീലനം നല്‍കി കുടുംബശ്രീ മാതൃകയാകുകയാണ്. ആര്‍ജവമുള്ള മനസിന്റെ ഉടമകളായി പെണ്‍കുട്ടികളെ വളര്‍ത്തിയെടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. സമഭാവനയുടെ അന്തരീക്ഷം വീട്ടിനുള്ളില്‍ നിന്നു തന്നെ തുടങ്ങണം. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും തുല്യരായി മാതാപിതാക്കള്‍ കാണണം. ആണ്‍കുട്ടികളാണ് കഴിവുള്ളവര്‍ എന്ന മനോഭാവം മനസില്‍ വളര്‍ത്തിയെടുക്കുന്ന പെരുമാറ്റ രീതികള്‍ മാതാപിതാക്കള്‍ ഒഴിവാക്കണം. എല്ലാം സഹിക്കേണ്ടവരാണ് സ്ത്രീകള്‍ എന്ന ചിന്താഗതിയും മാതാപിതാക്കള്‍ ഒഴിവാക്കണം.’ തീരദേശ മേഖലയിലെ വനിതകളുടെ ആരോഗ്യ, വിദ്യാഭ്യാസ, സാംസ്‌കാരിക, സാമൂഹിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ട് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുകയാണ് വനിത കമ്മിഷന്റെ ലക്ഷ്യമെന്നും സതീദേവി കൂട്ടിച്ചേര്‍ത്തു.

Back to top button
error: