HealthLIFE

സ്കിന്‍ ക്യാന്‍സറിന്‍റെ ഈ ലക്ഷണങ്ങളെ അറിയാതെ പോകരുതേ…

തൊലിയിലെ കോശങ്ങളുടെ അസാധാരണ വളർച്ചയാണ് ത്വക്കിലെ അർബുദം അഥവാ സ്കിൻ ക്യാൻസർ. മെലാനോമ, കാർസിനോമ, സ്‌ക്വാമസ് സെൽ കാർസിനോമ തുടങ്ങി വ്യത്യസ്ത തരത്തിലുള്ള അർബുദങ്ങളുണ്ട്. ത്വക്ക് ക്യാൻസറിനുള്ള പ്രധാന കാരണം സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് (UV) വികിരണം ആണ്. സൂര്യന്റെ അൾട്രാവയലറ്റ് രശ്മികൾ കോശത്തിന്റെ ഡിഎൻഎയെ നശിപ്പിക്കുന്നതും മൂലവും പ്രതിരോധശേഷി ദുർബലമാകുന്നതു മൂലവും സ്കിൻ ക്യാൻസർ സാധ്യത കൂടാം.

അൾട്രാവയലറ്റ് വികിരണം ചർമ്മകോശങ്ങളിലെ ഡിഎൻഎയെ നശിപ്പിക്കുന്നു, ഇത് അനിയന്ത്രിതമായ വളർച്ചയ്ക്കും ക്യാൻസറിന്റെ വികാസത്തിനും കാരണമാകുന്ന മ്യൂട്ടേഷനുകളിലേയ്ക്കും നയിക്കുന്നു. നേരത്തെ കണ്ടെത്തിയാൽ പൂർണമായും ചികിത്സിച്ചു മാറ്റാൻ സാധിക്കുന്ന രോഗം കൂടിയാണ് ചർമ്മത്തെ ബാധിക്കുന്ന അർബുദം. എന്നാൽ ലക്ഷണങ്ങളെ തിരിച്ചറിയാൻ സാധിക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. വിവിധ തരത്തിലുള്ള ക്യാൻസറിന് വിവിധ ലക്ഷണങ്ങൾ ഉണ്ടാകും.

ചർമ്മത്തിലെ നിറമാറ്റം, രൂപമാറ്റം, മുറിവുകൾ, ചർമ്മത്തിൽ വ്രണം, രക്തസ്രാവം, ത്വക്കിൽ രൂപമാറ്റം, ചർമ്മത്തിലെ ചൊറിച്ചിൽ എന്നിവയെല്ലാം സ്കിൻ ക്യാൻസറുമായി ബന്ധപ്പെട്ടിരിക്കുന്നു. ചർമ്മത്തിലെ ആകൃതി, വലിവ്, ഘടന എന്നിവയിൽ വ്യത്യാസം, നഖങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, മുഖക്കുരു വന്നിട്ട് പോകാതിരിക്കുക, ഒരിക്കൽ വന്ന സ്ഥലത്തുതന്നെ വീണ്ടും വീണ്ടും മുഖക്കുരു വരുക, പെട്ടെന്ന് കാൽപാദത്തിലോ കൈവെള്ളയിലോ ഉണ്ടാകുന്ന മുറിവുകൾ, ഒരിക്കലും ശ്രദ്ധിക്കാത്ത ഇടങ്ങളിൽ എന്തെങ്കിലും കറുത്ത പാടുകൾ പ്രത്യക്ഷപെടുക തുടങ്ങിയവ കണ്ടാണ് പ്രത്യേകം ശ്രദ്ധിക്കണം. ഇവയൊക്കെ ഒരുപക്ഷേ സ്കിൻ ക്യാൻസറിൻറെ ലക്ഷണങ്ങളാകാം.

ചിലർക്ക് തൊലിപ്പുറത്ത് ചൊറിച്ചിൽ, പുകച്ചിൽ, രക്തം പൊടിയൽ എന്നിവയൊക്കെയാകാം ലക്ഷണം. തലയോട്ടിയിലെ ത്വക്കിൽ, കണ്ണിന്റെ പാളികളിൽ , കൈവിരലുകളിൽ, കാൽവിരലുകൾക്കിടയിൽ അങ്ങനെ എവിടെ വേണമെങ്കിലും സ്കിൻ ക്യാൻസർ ഉണ്ടാകാം. ശിരോചർമ്മത്തിൽ ഉണങ്ങാത്തതോ വീണ്ടും വരുന്നതോ ആയ വ്രണങ്ങൾ ചിലപ്പോൾ തലയോട്ടിയിലെ ക്യാൻസറിൻറെ ഒരു ലക്ഷണമാകാം.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Back to top button
error: