ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രവർത്തനം നിലയ്ക്കാറായ അൽ ഷിഫ ആശുപത്രിയിൽ നിന്നുള്ള നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഇസ്രയേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ വൈദ്യുതി ബന്ധം താറുമാറായതോടെ ഇൻക്യുബേറ്ററിലായിരുന്ന നവജാത ശിശുശക്കളെ പുറത്തേക്ക് മാറ്റി കിടത്തിയിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. രണ്ട് കുഞ്ഞുങ്ങൾ മരിച്ചെന്നും, കൂടുതൽ പേരുടെ കാര്യത്തിൽ ആശങ്കയുണ്ടെന്നും ഡോക്ടർമാർ പറയുന്ന വീഡിയോയും അൽജസീറ അടക്കം മാധ്യമങ്ങൾ പുറത്ത് വിട്ടു.
കുഞ്ഞുങ്ങളെ ഒഴിപ്പിക്കാൻ തയ്യാറെന്ന് ഇസ്രയേൽ അറിയിച്ചതിന് പിന്നാലെയാണ് ദൃശ്യങ്ങൾ പുറത്തുവന്നത്. ഇന്ധന പ്രതിസന്ധിയെ തുടന്ന് ആശുപത്രികൾ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്. ഇന്ധനം ഇല്ലാതായതോടെ, പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് ഗാസയിലെ മറ്റൊരു ആശുപത്രിയായ അൽ ഖുദ്സും അറിയിച്ചു. അൽ ഷിഫ ആശുപത്രിയുമായുള്ള എല്ലാ വാർത്താ വിനിമയ സംവിധാനവും നഷ്ടമായതായി ലോകാരോഗ്യ സംഘടന മേധാവിയും അറിയിച്ചു.