മലയാളത്തിന്റെ പ്രിയ നടൻ ജയറാമിന്റെ പുത്രൻ കാളിദാസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. മോഡൽ താരിണി കലിംഗരായരുമായി പ്രണയത്തിലാണെന്ന് കാളിദാസ് മുമ്പേ തന്നെ വെളിപ്പെടുത്തിയിരുന്നു. വിവാഹ നിശ്ചയ വേദിയിൽ ഏറ്റവും തിളങ്ങിയത് ജയറാമിന്റെ ഇളയ മകൾ ചക്കി എന്ന മാളവികയും കാമുകനുമാണ്. പ്രതിശ്രുത വരനൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് മാളവിക തന്നെയാണ്.
കാളിദാസിന് ആശംസകൾ അറിയിച്ചുകൊണ്ടാണ് ചക്കി വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചത്. കാളിദാസിനും താരിണിക്കുമൊപ്പം നിൽക്കുന്ന മാളവികയേയും കാമുകനേയുമാണ് ചിത്രത്തിൽ കാണുന്നത്. ചേട്ടനു പിന്നാലെ അനിയത്തിയുടേയും വിവാഹം ഉടൻ ഉണ്ടാകുമോ എന്നാണ് ആരാധകരുടെ ചോദ്യം. താൻ പ്രണയത്തിലാണെന്ന് മാളവിക വെളിപ്പെടുത്തിയത് അടുത്തിടെയാണ്. കാമുകന്റെ പിറന്നാൾ ദിനത്തിലായിരുന്നു അത്.
വാലന്റൈന്‍ ഡേയിലാണ് കാളിദാസ് തന്റെ പ്രണയം തുറന്നു പറഞ്ഞത്. ബെസ്റ്റ് ഫാഷന്‍ മോഡലിനുള്ള 2023ലെ അവാര്‍ഡ് തരിണി ഏറ്റുവാങ്ങിയപ്പോള്‍ വേദിയിലേക്ക് കാളിദാസിനെയും അവതാരക ക്ഷണിച്ചു. അവാർഡ് വാങ്ങിയ ഉടനെ, നിങ്ങളുടെ പിന്നില്‍ അഭിമാനത്തോടെ ഒരാളുണ്ടെന്നും അദ്ദേഹത്തെക്കുറിച്ച് ഇവിടെ പറയാതിരിക്കാൻ കഴിയില്ലെന്നും അവതാരക പറയുന്നു. ശേഷം കാളിദാസിനോട് താരിണിയുമായുള്ള ബന്ധം എന്താണെന്ന് അവതാരക ചോദിക്കുന്നു. വിവാഹം കഴിക്കാൻ പോകുന്നുവെന്നായിരുന്നു കാളിദാസിന്റെ മറുപടി. തുടർന്നാണ് സൂര്യയുടെ ശബ്ദം അനുകരിച്ച് താരിണിയെ പ്രപ്പോസ് ചെയ്തത്. കാമുകിയെ കാളിദാസ് എടുത്തുയർന്ന രംഗവും വിഡിയോയിൽ കാണാം.
തിരുവോണദിനത്തിൽ കാളിദാസ് പങ്കുവച്ച കുടുംബ ചിത്രത്തിലും താരിണി ഉണ്ടായിരുന്നു. അതിനുശേഷം കാളിദാസിന്റെ കുടുംബത്തിലെ എല്ലാ ചടങ്ങുകളിലും താരിണിയുടെ സാന്നിധ്യം കാണാനായി. നീലഗിരി സ്വദേശിയാണ് 24കാരിയായ താരിണി വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്.