കണ്ണൂര്‍: കാല്‍നടയാത്രക്കാരനെ ഇടിച്ച ശേഷം, ഇറങ്ങിയോടിയ സ്വകാര്യ ബസ് ഡ്രൈവര്‍ ട്രെയിൻ തട്ടി മരിച്ചു. ബസ് ഡ്രൈവര്‍ മനേക്കര സ്വദേശി ജീജിത്ത് ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് ആറരയോടെ കണ്ണൂര്‍ തലശ്ശേരി പെട്ടിപ്പാലത്താണ് ദാരുണമായ സംഭവം. വടകര-തലശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്.
പെട്ടിപ്പാലത്തുവെച്ച് ജീജിത്ത് ഓടിച്ച ബസ് കാല്‍നട യാത്രക്കാരനായ മുനീറിനെ ഇടിക്കുകയായിരുന്നു. സംഭവം നടന്നയുടനെ ഡ്രൈവര്‍ ബസില്‍നിന്ന് ഇറങ്ങിയോടുകയായിരുന്നു.
തൊട്ടടുത്ത റെയില്‍വെ ട്രാക്കിലേക്കാണ് ഇയാൾ ഓടിക്കയറിയത്. ട്രാക്കിലൂടെ ഓടുന്നതിനിടെ അപ്പോൾ അതുവഴി വന്ന മെമു ട്രെയിന്‍ ഇടിക്കുകയായിരുന്നു.
അപകടത്തെത്തുടർന്ന് ജനക്കൂട്ടം ആക്രമിക്കുമെന്ന് കരുതിയാണ് ഇയാൾ ബസിൽ നിന്നും ഇറങ്ങിയോടിയത്.റോഡും റെയില്‍വെ ട്രാക്കും സമാന്തരമായി കിടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. ജീജിത്ത് സംഭവസ്ഥലത്തുതന്നെ മരിച്ചു. ബസിടിച്ച് പരിക്കേറ്റ കാല്‍നടയാത്രക്കാരൻ മുനീര്‍ ആശുപത്രിയിലാണ്.