തിരുവനന്തപുരം: എന്‍എസ്എസിനെതിരായ നാമജപക്കേസ് അവസാനിപ്പിച്ചു. തുടരന്വേഷണം അവസാനിപ്പിച്ചതായുള്ള പൊലീസ് റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. നാമജപ ഘോഷയാത്രയില്‍ ക്രമസമാധാന പ്രശ്നം ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്.
എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ അടക്കം ആയിരത്തോളം പേര്‍ക്കെതിരെയായിരുന്നു കേസെടുത്തത്. ഇടഞ്ഞു നിന്ന എന്‍എസ്എസ് നേതൃത്വത്തെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി, സര്‍ക്കാര്‍ ഇടപെട്ടതിന് ശേഷമാണ് കേസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.
സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ ഗണപതി മിത്ത് ആണെന്ന പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് എന്‍എസ്എസ് തിരുവനന്തപുരത്ത് നാമജപയാത്ര നടത്തിയത്. ഓഗസ്റ്റ് 2നു തിരുവനന്തപുരം പാളയം ഗണപതി ക്ഷേത്രം മുതല്‍ പഴവങ്ങാടി വരെ നടത്തിയ നാമജപയാത്രക്കെതിരെയായിരുന്നു കേസ്.
പൊലീസ് മുന്നറിയിപ്പ് അവഗണിച്ച് അന്യായമായി സംഘടിച്ചതിനും ഗതാഗത തടസ്സം ഉണ്ടാക്കിയതിനുമാണ് വൈസ് പ്രസിഡന്റ് സംഗീത് കുമാറിനെതിരെയും കണ്ടാല്‍ അറിയാവുന്ന ആയിരത്തോളം പ്രവര്‍ത്തകരെയും പ്രതി ചേര്‍ത്ത് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്.
അനുമതി നേടാതെയാണ് മാര്‍ച്ച് നടത്തിയതെന്നായിരുന്നു അന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.