സൂര്യയ്ക്ക് പ്രേക്ഷകര്‍ക്കിടയിലുള്ള പ്രീതി എന്തെന്ന് അറിയണമെങ്കില്‍ വിക്രത്തിലെ അതിഥിവേഷത്തിന് ലഭിച്ച കൈയടി മാത്രം നോക്കിയാല്‍ മതി. കരിയറിലെ ഒരു മോശം കാലത്തിന് ശേഷമാണ് സൂര്യയ്ക്ക് സൂരറൈ പോട്രും ജയ് ഭീമും ഒക്കെ ലഭിച്ചത്. വിക്രത്തിലെ മിനിറ്റുകള്‍ മാത്രമുള്ള ഗസ്റ്റ് അപ്പിയറന്‍സിലൂടെ വലിയ കൈയടിയും ലഭിച്ചു. സമീപകാല കരിയറില്‍ അദ്ദേഹം വലിയ പ്രാധാന്യത്തോടെ കാണുന്ന സിനിമയാണ് അടുത്തതായി പുറത്തെത്താനിരിക്കുന്നത്. സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ എത്തുന്ന കങ്കുവ ആണ് അത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ റിലീസ് തീയതി നിര്‍മ്മാതാക്കള്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ചിത്രത്തിന്‍റെ പ്രൊമോഷണല്‍ മെറ്റീരിയലുകളില്‍ നിന്നാണ് ചിത്രം തങ്ങള്‍ പ്രതീക്ഷിച്ചിരുന്ന റേഞ്ചിലുള്ള ഒന്നല്ലെന്ന് പ്രേക്ഷകര്‍ മനസിലാക്കി തുടങ്ങിയത്. ഫസ്റ്റ് ലുക്കിനും ഫസ്റ്റ് ഗ്ലിംപ്സ് വീഡിയോയ്ക്കുമൊക്കെ വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഇനിയും ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ടില്ലാത്ത ചിത്രത്തിന്‍റെ അവസാന ഷെഡ്യൂള്‍ പുരോഗമിക്കുകയാണ്. ചിത്രം അടുത്ത വര്‍ഷം ഏപ്രില്‍ 11 ന് തിയറ്ററില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. റംസാനും തമിഴ് പുതുവര്‍ഷവും വിഷുവും ഒക്കെ ചേര്‍ന്നുവരുന്ന തീയതി ആയിരിക്കും ഇത്.
അതേസമയം ചിത്രത്തില്‍ പ്രതിനായകനായി എത്തുന്നത് ബോളിവുഡ് താരം ബോബി ഡിയോള്‍ ആണ്. ബോബിയുടെ കോളിവുഡ് അരങ്ങേറ്റവുമായിരിക്കും ഈ ചിത്രം. പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഇത്. അജിത്തിനെ നായകനാക്കി വീരവും വിശ്വാസവുമൊക്കെ ഒരുക്കിയിട്ടുള്ള ശിവയുടെ ചിത്രമാണിതെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നുന്ന തരത്തിലുള്ളതാണ് കങ്കുവയുടെ പ്രൊമോഷണല്‍ മെറ്റീരിയലുകള്‍. ദിഷ പഠാനി നായികയാവുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം വെട്രി പളനിസാമിയാണ്. സംഗീതം ദേവി ശ്രീ പ്രസാദ്, എഡിറ്റിംഗ് നിഷാദ് യൂസഫ്, കലാസംവിധാനം മിലന്‍, ആക്ഷന്‍ സുപ്രീം സുന്ദര്‍, സംഭാഷണം മദന്‍ കാര്‍ക്കി.