IndiaNEWS

മധ്യപ്രദേശിൽ തൊണ്ടി മുതലായ 60 കുപ്പി മദ്യം എലി നശിപ്പിച്ചെന്ന് പൊലീസ്; തസ്കരമൂഷികർ ‘ജയിലിൽ’! കഞ്ചാവിലും കണ്ണുണ്ടായിരുന്നത്രേ!

ഭോപ്പാൽ: മധ്യപ്രദേശിൽ തൊണ്ടി മുതലായ മദ്യം എലി നശിപ്പിച്ചതായി പൊലീസ്. മധ്യപ്രദേശിലെ ചിന്ദ്വാരയിലാണ് സംഭവം. കേസില്‍ തെളിവായി സൂക്ഷിച്ചിരുന്ന 60 കുപ്പി മദ്യം കാണാതെയായതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് 60 കുപ്പി മദ്യവും എലികൾ കുടിച്ചു തീർത്തുവെന്ന് കോടതിയിൽ പൊലീസ് മറുപടി നല്‍കിയത്. 180 മില്ലിയുടെ 60 ബോട്ടിലുകൾ നശിപ്പിക്കപ്പെട്ടതായാണ് റിപ്പോർട്ടിൽ പറയുന്നത്.

അതേസമയം, സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന മറ്റ് തൊണ്ടിമുതലുകളൊന്നും എലികൾ തൊട്ടിട്ടില്ലെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. എന്നാൽ പ്ലാസ്റ്റിക് ബോട്ടിലുകൾ ആയതിനാൽ അതെല്ലാം, എലികൾ കടിച്ച് നശിപ്പിച്ചുവെന്നാണ് പൊലീസ് അവകാശപ്പെടുന്നത്. ഇത് മൂലം തൊണ്ടിമുതലായി സൂക്ഷിച്ച കുപ്പികളിലെ മദ്യം ഒഴുകി പോയെന്ന് പൊലീസ് പറയുന്നു.

Signature-ad

സംഭവത്തില്‍ വിചിത്രമായ മറ്റൊരു വിശദീകരണവും പൊലീസ് നൽകുന്നുണ്ട്. എലിക്കെണി വച്ച് ചില എലികളെ പിടികൂടിയതായും പൊലീസ് വിശദമാക്കുന്നു. സ്റ്റേഷനിൽ നടക്കുന്ന ഒറ്റപ്പെട്ട സംഭവമല്ല ഇതെന്നും പൊലീസ് വിശദീകരിക്കുന്നുണ്ട്. ഏറെ പഴക്കമുള്ള പൊലീസ് സ്റ്റേഷനിൽ തൊണ്ടി മുതലുകള്‍ അടക്കം സൂക്ഷിക്കുന്ന വെയർ ഹൌസില്‍ എലി ശല്യം രൂക്ഷമാണ്. ഇതിന് പല പരിഹാരങ്ങളും തേടിയെങ്കിലും ശാശ്വതമായില്ലെന്നും പൊലീസ് വിശദമാക്കുന്നു.

വിവിധ കേസുകളിലെ തൊണ്ടിമുതലായ കഞ്ചാവ് നേരത്തെ ചാക്കുകളിലായിരുന്നു സൂക്ഷിച്ചിരുന്നത്. എന്നാൽ എലി ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് അതിപ്പോൾ ലോഹം കൊണ്ടുള്ള പെട്ടികളിലാണ് സൂക്ഷിക്കുന്നത്. തൊണ്ടിമുതലുകൾ മാത്രമല്ല സുപ്രധാനമായ വിവിധ രേഖകളും ഇതുമൂലം നശിക്കുകയാണെന്നും ഇത്തരത്തിൽ വിശദീകരിക്കാൻ കഴിയാത്ത തരത്തിൽ എലിശല്യമുണ്ടെന്നുമാണ് പൊലീസുകാര്‍ കോടതിയില്‍ റിപ്പോർട്ട് നൽകിയിരിക്കുന്നത്.

Back to top button
error: