കൊച്ചി: ദത്തെടുത്ത മകള്‍ക്ക് തങ്ങളുടെ ജീവിതസാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാകാത്തതിനാല്‍ ദത്ത് റദ്ദാക്കാന്‍ അനുമതിതേടി തിരുവനന്തപുരം സ്വദേശികളായ ദമ്പതിമാര്‍ ഫയല്‍ചെയ്ത ഹര്‍ജിയില്‍ ഹൈക്കോടതി ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ റിപ്പോര്‍ട്ട് തേടി. ദത്തുപുത്രിയോട് സംസാരിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് തിരുവനന്തപുരം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയോട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചത്.
പ്രായപൂര്‍ത്തിയായ പെണ്‍കുട്ടി നിലവില്‍ തിരുവനന്തപുരം സ്വാദര്‍ ഹോമിലാണ് കഴിയുന്നത്. രക്ഷിതാക്കള്‍ക്ക് തന്നോടൊപ്പം കഴിയാനിഷ്ടമില്ലാത്തതിനാലാണ് ഇവിടെ കഴിയുന്നതെന്നാണ് പെണ്‍കുട്ടി പറഞ്ഞതെന്ന് സര്‍ക്കാര്‍ അഭിഭാഷക ഹൈക്കോടതിയില്‍ അറിയിച്ചു. ഹര്‍ജി നവംബര്‍ 17-ന് വീണ്ടും പരിഗണിക്കും.
ഹര്‍ജിക്കാരുടെ 23 വയസുകാരനായ ഏകമകന്‍ 2017 ജനുവരി 14-ന് കാറപകടത്തില്‍ മരിച്ചിരുന്നു. ആ വേദന മറക്കാനാണ് 2018 ഫെബ്രുവരി 16-ന് നിയമപ്രകാരം പഞ്ചാബിലെ ലുധിയാനയിലെ ആശ്രമത്തില്‍നിന്ന് 13 വയസ്സുകാരിയെ ദത്തെടുത്തത്. കേരളത്തില്‍നിന്ന് ദത്തെടുക്കാനുള്ള കാലതാമസം കാരണമായിരുന്നു ഇത്. എല്ലാ സൗകര്യങ്ങളും ഒരുക്കിനല്‍കിയെങ്കിലും കുട്ടിക്ക് തങ്ങളെ മാതാപിതാക്കളായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായെന്ന് ഹര്‍ജിയില്‍ പറയുന്നു.
2022 സെപ്റ്റംബര്‍ 29-നാണ് കുട്ടിയെ തിരുവനന്തപുരം ശിശുക്ഷേമസമിതിയുടെ സംരക്ഷണയിലാക്കിയത്. ദത്ത് നടപടി റദ്ദാക്കി ലുധിയാനയിലെ ആശ്രമത്തിലേക്ക് കുട്ടിയെ തിരിച്ചയക്കണമെന്നും അപേക്ഷനല്‍കി. ഈയാവശ്യമുന്നയിച്ച് ഹൈക്കോടതിയില്‍ ഹര്‍ജിനല്‍കി. 2017-ലെ ദത്തെടുക്കല്‍ റെഗുലേഷന്‍സ് പ്രകാരം നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചു. 2022 ഡിസംബര്‍ 12-ന് ഹര്‍ജി തീര്‍പ്പാക്കി.
ഇതിനിടെ കേന്ദ്രസര്‍ക്കാര്‍ ദത്തെടുക്കല്‍ റെഗുലേഷന്‍ പരിഷ്‌കരിച്ചു. ഇതനുസരിച്ച് കളക്ടര്‍ മുഖേനയാണ് ദത്തെടുക്കല്‍ റദ്ദാക്കാന്‍ നടപടിസ്വീകരിക്കേണ്ടത്. ഇതിന് കളക്ടര്‍ക്ക് അപേക്ഷനല്‍കിയെങ്കിലും നടപടിയുണ്ടായില്ല. കുട്ടിയെ തിരിച്ചെടുക്കാന്‍ ലുധിയാനയിലെ ആശ്രമം അധികൃതരും തയ്യാറായില്ല. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
രക്ഷിതാവ് ശിശുക്ഷേമസമിതി ചെയര്‍പേഴ്സണ് നല്‍കിയ അപേക്ഷയില്‍ കുട്ടി ചിലപ്പോള്‍ അക്രമസ്വഭാവം കാണിക്കുമെന്നും ഭക്ഷണം കഴിക്കാതെ മുറിയടച്ചിട്ടിരിക്കുമെന്നും പറയുന്നു. നേരത്തേ മറ്റൊരു ഉത്തരേന്ത്യന്‍ കുടുംബം തന്നെ ദത്തെടുത്തതാണെന്നും അവര്‍ അതു റദ്ദാക്കി ആശ്രമത്തില്‍ തിരിച്ചെത്തിച്ചതാണെന്നും കുട്ടി പറഞ്ഞിട്ടുണ്ടെന്ന് ഇതില്‍ പറയുന്നു.
ഹിന്ദിമേഖലയില്‍ പഠിക്കണമെന്ന് കുട്ടി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മലയാളി അധ്യാപകര്‍ മധ്യപ്രദേശില്‍ നടത്തുന്ന സ്‌കൂളില്‍ ചേര്‍ത്തു. അവിടെയും അക്രമസ്വഭാവം തുടര്‍ന്നു. പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടതനുസരിച്ച് തിരിച്ചുകൊണ്ടുവന്നു. 2021-ല്‍ തന്റെ ഭാര്യയെ അക്രമിച്ച് കുട്ടി വീടുവിട്ടുപോകാന്‍ ശ്രമിച്ചു. തുടര്‍ന്ന് മാനസികാരോഗ്യ ചികിത്സനല്‍കിയതായും അപേക്ഷയില്‍ പറയുന്നു.