ഒടുവിൽ സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ചുമതലയേറ്റു. മൂന്നു വർഷത്തേക്കാണ് നിയമം. ചുമതലയേറ്റ വിവരം സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് പങ്കുവച്ചത്.
കൊൽക്കത്തയിലെത്തി ചുമതല ഏറ്റതിനു പിന്നാലെ സുരേഷ് ഗോപി ഇൻസ്റ്റിറ്റ്യൂട്ട് കൗൺസിലുമായും കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയവുമായും ധനമന്ത്രാലയവുമായും ചർച്ചകൾ നടത്തി. ഇൻസ്റ്റിറ്റ്യൂട്ടിന് ഉള്ളിൽ നിന്നുള്ള സെൽഫിയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.
മാസങ്ങൾക്ക് മുൻപാണ് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ സുരേഷ് ഗോപിയെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നിയമിക്കുന്നത്. നിയമനക്കാര്യം അറിയിക്കാത്തതിലുള്ള അതൃപ്തി താരം വ്യക്തമാക്കിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ വീണ്ടും സ്ഥാനാർഥിയാകും എന്നു പ്രതീക്ഷിച്ചിരിക്കെയായിരുന്നു നിയമനം. ശമ്പളമുള്ള ജോലിയല്ലെന്നും പൂർണമായും രാഷ്ട്രീയക്കാരനായി തുടരാൻ സാധിക്കുമെന്നും അനുരാഗ് ഠാക്കൂർ ഉറപ്പു നൽകിയതിനാലാണു ചുമതലയേറ്റെടുക്കുന്നതെന്ന് അടുത്തിടെ സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.