ഗള്‍ഫ് രാജ്യങ്ങള്‍ അടിമുടി മാറുകയാണ്. ഏറെ കാലമായി ചര്‍ച്ച ചെയ്തു കൊണ്ടിരുന്ന ഏകീകൃത വിസ യാഥാര്‍ഥ്യമാകുന്നു. ജിസിസിയിലെ ആറ് രാജ്യങ്ങളുടെയും ആഭ്യന്തര മന്ത്രിമാരുടെ യോഗം വിസയ്ക്ക് അംഗീകാരം നല്‍കി. മസ്‌ക്കറ്റില്‍ ചേര്‍ന്ന ജി സി സി ആഭ്യന്തര മന്ത്രിമാരുട 40-ാമത് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
ഒറ്റ വീസയിൽ 6 ജിസിസി (യുഎഇ, സൗദി, ഖത്തർ, കുവൈത്ത്, ബഹ്റൈൻ ഒമാൻ) രാജ്യങ്ങളും സന്ദർശിക്കാവുന്ന ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വീസ രണ്ടു വർഷത്തിനകം യാഥാർഥ്യമാകും. 2030 ആകുമ്പോൾ 12.87 കോടി ടൂറിസ്റ്റുകളെ ഗൾഫിൽ എത്തിക്കുകയാണ് ലക്ഷ്യം. വീസ കാലാവധിക്കകം ഓരോ രാജ്യത്തും നിശ്ചിത ദിവസം താമസിച്ച് വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച് അയൽ രാജ്യത്തേക്കു പോകാം. ഇതിനായി പ്രത്യേക നടപടിക്രമങ്ങൾ വേണ്ട എന്നതും സഞ്ചാരികൾക്ക് ഗുണകരമാകും.
ട്രാഫിക് നിയമ ലംഘന വിവരങ്ങള്‍ ഇലക്ട്രോണിക് സംവിധാനം വഴി ബന്ധപ്പിക്കുന്ന പദ്ധതിക്കും ജിസിസി ആഭ്യന്തര മന്ത്രിമാരുടെ യോഗം അംഗീകാരം നല്‍കി. ഏതെങ്കിലും ഒരു ജിസിസി രാജ്യത്ത് നിയമം ലംഘിച്ചിട്ടുണ്ടെങ്കില്‍ ആറ് രാജ്യങ്ങളിലും അറിയാന്‍ സാധിക്കുന്ന സംവിധാനമാണിത്. മയക്ക് മരുന്ന് വിരുദ്ധ നടപടികള്‍ക്ക് പ്രത്യേക കര്‍മ പദ്ധതി ഒരുക്കാനും മന്ത്രിമാര്‍ നിര്‍ദേശിച്ചു.
യൂറോപ്യന്‍ രാജ്യങ്ങളില്‍ നിലവില്‍ ഷെങ്കണ്‍ വിസയുണ്ട്. ഏതെങ്കിലും രാജ്യത്തേക്കുള്ള വിസ എടുത്താല്‍ മറ്റു യൂറോപ്യന്‍ രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ കഴിയുന്നതാണ് ഈ വിസ. സമാനമായ പദ്ധതി തന്നെയാണ് ജിസിസിയിലും വരുന്നത്. അതിര്‍ത്തികളില്‍ പ്രത്യേക പരിശോധന ഉണ്ടാകില്ല. ഏകീകൃത വിസ നടപ്പാക്കുന്നതിന് മുമ്പ് സുരക്ഷാ സംവിധാനത്തിന്റെ കാര്യത്തില്‍ ആറ് രാജ്യങ്ങളും വ്യക്തമായ പദ്ധതി തയ്യാറാക്കും.
ഈ വിസ പ്രവാസികള്‍ക്ക് വളരെ ഉപകാരപ്രദമാകും. ബിസിനസ് ആവശ്യാര്‍ഥം ഒന്നിലധികം ജിസിസി രാജ്യങ്ങളിലേക്ക് നിരന്തരം യാത്ര ചെയ്യേണ്ട പ്രവാസികള്‍ ഏറെയാണ്. മാത്രമല്ല, കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കാണാനും തടസങ്ങളുണ്ടാകില്ല. ഓരോ രാജ്യത്തും എത്ര നാള്‍ തങ്ങാന്‍ സാധിക്കുമെന്ന നിബന്ധന പുതിയ വിസയിലുണ്ടാകും. ടൂറിസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുകയാണ് വിസയുടെ പ്രധാന ലക്ഷ്യം.
ദുബായ്–ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങൾക്കായുള്ള (ജിസിസി) ഏകീകൃത ടൂറിസ്റ്റ് വീസയ്ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും 2024 ൽ പ്രാബല്യത്തിൽ കൊണ്ടുവരാൻ കഴിയുമെന്നും യുഎഇ നേരത്തെ വ്യക്തമാക്കിയിരുന്നു
യോഗത്തില്‍ ഒമാന്‍ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദി അധ്യക്ഷത വഹിച്ചു. കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ ഖാലിദ് അല്‍ അഹമ്മദ് അസ്സബാഹ്, യുഎഇ ആഭ്യന്തര മന്ത്രി ലഫ്റ്റനന്റ് ജനറല്‍ ഷെയ്ഖ് സായിഫ് സായിദ് അല്‍ നഹ്‌യാന്‍, സൗദി ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് സഊദ് അല്‍ സഊദ്, ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രി ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ, ഖത്തർ ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖലീഫ ബിന്‍ ഹമദ് അല്‍താനി എന്നിവര്‍ പങ്കെടുത്തു.