ന്യൂഡൽഹി: രാജ്യത്തെ കള്ളപ്പണത്തിന്റെ വിനിമയം തടയുന്നതിന്റെ ഭാഗമായി 2016 നവംബർ 8 നാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരം രൂപാ , അഞ്ഞൂറു രൂപാ നോട്ടുകൾ റദ്ദാക്കിക്കൊണ്ടുള്ള പ്രസ്താവനയിറക്കിയത്.
പകരം പുതുക്കിയ 500, 2000 രൂപാ നോട്ടുകൾ അവതരിപ്പിക്കുകയാണെന്നും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അറിയിച്ചു.രാജ്യത്തു തീവ്രവാദപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കപ്പെടുന്ന കള്ളനോട്ടിന്റേയും, കള്ളപ്പണത്തിന്റേയും ഉപയോഗം ഇതോടെ ഇല്ലാതാവുമെന്നും, അഴിമതി കുറയുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
എന്നാൽ പിന്നീട് ഈ വർഷം മെയ് 20 ന് 2000 നോട്ടുകൾ വീണ്ടും നിരോധിക്കുകയും ചെയ്തു.സെപ്തംബർ 30 വരെയായിരുന്നു മാറ്റിയെടുക്കാനുള്ള അവസാന തീയതി.
റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ, 2018 ൽ പുറത്തു വിട്ട കണക്കു പ്രകാരം, മൂല്യം ഇല്ലാതാക്കിയ നോട്ടുകളുടെ 99.3 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തിയതായി പറയുന്നു. ₹15.41 ലക്ഷം കോടി രൂപയുടെ നോട്ടുകളാണു മൂല്യമില്ലാതാക്കിയത്, ഇതിൽ ₹15.30 ലക്ഷം കോടി രൂപയും തിരിച്ചെത്തി. ₹10,720 കോടി രൂപമാത്രമാണു, ബാങ്കുകളിൽ തിരിച്ചെത്താതിരുന്നത്.രാജ്യത്തു നിലവിലുണ്ടായിരുന്നു എന്നു പറയപ്പെടുന്ന കള്ളപ്പണം തിരിച്ചുപിടിക്കാനാണു നാണയമൂല്യമില്ലാതാക്കൽ എന്ന സർക്കാരിന്റെ ലക്ഷ്യം ഇതോടെ ഇല്ലാതായി.
തന്നെയുമല്ല പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിറ്റേന്ന് ഉച്ചക്കുശേഷം, രാജ്യത്തെ ഓഹരികമ്പോളത്തിൽ 6 ശതമാനത്തോളം ഇടിവും രേഖപ്പെടുത്തി.ഇതിനു പിന്നാലെ രാജ്യത്തെ വ്യാവസായിക ഉത്പാദനവും, മൊത്ത ആഭ്യന്തര ഉത്പാദനവും ഇടിയുകയും ചെയ്തു.