ന്യൂഡല്‍ഹി: അദാനിയുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചങ്ങാത്തം മുഖ്യ പ്രചാരണായുധമാക്കി കോണ്‍ഗ്രസ്. ഇന്‍ഡ്യ മുന്നണിയിലെ അനൈക്യം തിരിച്ചു ബി.ജെ.പിയും ആയുധമാക്കുന്നു. ജാതി സര്‍വേ നടത്തണമെന്ന ആവശ്യത്തിന് മുന്നിലാണ് ബി.ജെ.പി കിതക്കുന്നത്.
ടാറ്റ ട്രക്ക് ഉണ്ടാക്കി തൊഴില്‍ നല്കുന്നു. അദാനി എന്ത് തൊഴിലാണ് നല്‍കുന്നത്? തെരെഞ്ഞെടുപ്പ് വേദികളില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ആവര്‍ത്തിച്ചുള്ള ചോദ്യമാണിത്. തുറമുഖങ്ങളും വിമാനത്താവളങ്ങളും അദാനി്ക്കായി നല്‍കുകയാണ് കേന്ദ്രം ചെയ്യുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ ഒന്നുകൂടി കടത്തിയാണ് മോദിയെ ആക്രമിക്കുന്നത്. ചായ വിറ്റ് നടന്നിരുന്നുവെന്നും പാവപ്പെട്ടവനാണെന്നും പ്രധാനമന്ത്രി നിരന്തരം പറഞ്ഞുകൊണ്ടേയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഒപ്പം ഒരുപാവപ്പെട്ടവനെയും കാണാനില്ല, ഒപ്പമുള്ളത് അദാനിയെപ്പോലെ വമ്പന്‍ പണക്കാര് മാത്രം. രാഹുല്‍ ഗാന്ധി തുടങ്ങിവച്ച ആക്രമണം പലവഴിക്കാണ് കോണ്‍ഗ്രസ് ഉന്നം വെക്കുന്നത്.
എന്നാല്‍ ഈ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാതെ അഞ്ചു സംസ്ഥാനങ്ങളിലും കേന്ദ്രത്തിലെ സ്വന്തം ഭരണനേട്ടം എണ്ണിപ്പറഞ്ഞാണ് മോദി വോട്ട് തേടുന്നത്. ഇന്ത്യ മുന്നണി പരസ്പരം മത്സരിക്കുന്നത് പോലും ബി.ജെ.പി ആയുധമാക്കുന്നുണ്ട്. ഗെലോട്ട് സര്‍ക്കാരിനെ തോല്‍പ്പിക്കാന്‍ രാജസ്ഥാനില്‍ കേന്ദ്ര ഏജന്‍സികളെയാണ് ബി.ജെ.പി ആയുധമാക്കുന്നത് എന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. തെരെഞ്ഞെടുപ്പ് വേദിയില്‍ മോദി നല്കുന്ന സൗജന്യ ഭക്ഷ്യധാന്യം ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ ചട്ട വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി, തെരെഞ്ഞെടുപ്പ് കമ്മീഷന് നിരന്തരം പരാതിനല്‍കുകയാണ് കോണ്‍ഗ്രസ്.