ഏതു നേരവും മൊബൈല്‍ ഫോണിൽ സല്ലപിക്കുന്ന പുരുഷന്മാർ സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട, അവർ ഇത് വായിക്കാതെ പോകരുത്
മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം പുരുഷന്മാരിലെ ബീജകോശങ്ങളുടെ അളവിനെയും എണ്ണത്തെയും ബാധിക്കാമെന്ന് സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ദിവസം 20 തവണയിലധികം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന പുരുഷന്മാര്‍ക്ക്, അപൂര്‍വമായി മൊബൈല്‍ ഉപയോഗിക്കുന്നവരെ അപേക്ഷിച്ച് ബീജത്തിന്റെ അളവിലും എണ്ണത്തിലും 22 ശതമാനവും കുറവ് ഉണ്ടാകാമെന്ന് ഫെര്‍ട്ടിലിറ്റി ആന്‍ഡ് സ്റ്റെറിലിറ്റി ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പറയുന്നു.
ഒരു മില്ലിലീറ്റര്‍ ശുക്ലത്തിലുള്ള ബീജകോശങ്ങളുടെ എണ്ണത്തെയാണ് സ്‌പേം കോണ്‍സണ്‍ട്രേഷന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു സ്ഖലനത്തില്‍ പുറത്ത് വരുന്ന ശുക്ലത്തിലെ ആകെ ബീജകോശങ്ങളുടെ എണ്ണമാണ് ടോട്ടല്‍ സ്‌പേം കൗണ്ട്. ഇവ രണ്ടും അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം കൊണ്ട് കുറയാമെന്ന് ഗവേഷകര്‍ പറയുന്നു.
പഠനത്തില്‍ പങ്കെടുത്ത പുരുഷന്മാരില്‍ 85.7 ശതമാനവും ഫോണ്‍ ഉപയോഗിക്കാത്തപ്പോള്‍ അവ തങ്ങളുടെ പാന്റിന്റെ പോക്കറ്റിലാണ് സൂക്ഷിക്കുന്നതെന്നും ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. മൊബൈല്‍ ഫോണുകളിലെ റേഡിയോഫ്രീക്വന്‍സി ഇലക്ട്രോമാഗ്നറ്റിക് ഫീല്‍ഡുകള്‍ ബീജത്തെ സ്വാധീനിക്കുന്നുണ്ടാകാം എന്ന് പഠനം സൂചന നല്‍കുന്നു. എന്നാല്‍ നിരീക്ഷണ പഠനം മാത്രമായതിനാല്‍ ഇത് സംബന്ധിച്ച തെളിവുകള്‍ ഗവേഷകര്‍ നിരത്തുന്നില്ല. 2866 പുരുഷന്മാരില്‍ 2005 നും 2018 നും ഇടയിലാണ് പഠനം നടത്തിയത്. ഉയര്‍ന്ന ഫോണ്‍ ഉപയോഗവും കുറഞ്ഞ ബീജകോശങ്ങളുടെ എണ്ണവും തമ്മിലുള്ള ബന്ധം പഠനത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ കൂടുതല്‍ പ്രകടമായിരുന്നതായും ഗവേഷകര്‍ നിരീക്ഷിച്ചു. 2ജിയില്‍ നിന്ന് 3ജിയിലേക്കും പിന്നീട് 4ജിയിലേക്കും മൊബൈല്‍ സാങ്കേതിക വിദ്യ മാറിയതോടു കൂടി ഫോണിന്റെ ഔട്ട്പുട്ട് പവറില്‍ വന്ന കുറവാണ് ഇതിനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്.