KeralaNEWS

പാസഞ്ചർ ട്രെയിനിന് പോലും  സ്റ്റോപ്പ് അനുവദിക്കാതെ റെയില്‍വേയുടെ പരീക്ഷണം; ക്ഷമ കെട്ട് യാത്രക്കാർ

തിരുവനന്തപുരം: പാസഞ്ചർ ട്രെയിനിന് പോലും  സ്റ്റോപ്പ് അനുവദിക്കാതെ യാത്രക്കാരെ വട്ടം കറക്കി റയിൽവെ.

കൊല്ലത്തിനും തിരുവനന്തപുരത്തിനും ഇടയിലെ സുപ്രധാന സ്റ്റേഷനുകളായ പരവൂര്‍, കടയ്ക്കാവൂര്‍, ചിറയിൻകീഴ് എന്നിവിടങ്ങളില്‍ പാസഞ്ചര്‍ ട്രെയിനിനു പോലും സ്റ്റോപ്പ് കൊടുക്കാതെയാണ് റെയില്‍വേ യാത്രക്കാരുടെ ക്ഷമയെ പരീക്ഷിക്കുന്നത്.

06639-40 പുനലൂര്‍-നാഗര്‍കോവില്‍-പുനലൂര്‍ ട്രെയിനാണ് തിരക്കേറിയ സമയത്ത് പ്രധാന സ്റ്റേഷനുകളില്‍ നിര്‍ത്താതെ പോകുന്നത്. കൊല്ലത്തിന് മുമ്ബും തിരുവനന്തപുരത്തിന് ശേഷവും യഥേഷ്ടം സ്റ്റോപ്പുകളുള്ള വണ്ടിയാണ് കൊല്ലത്തിനും തിരുവനന്തപുരത്തിനും ഇടയില്‍ മതിയായ സ്റ്റോപ്പുകളില്ലാതെ സര്‍വീസ് നടത്തുന്നത്.

Signature-ad

പൂര്‍ണമായും അണ്‍റിസര്‍വ്ഡ് കോച്ചുകളുള്ള വണ്ടി ഓടുന്നത് പോലും ദിവസേന യാത്രക്കാരുടെ സൗകര്യാര്‍ഥമാണെന്നിരിക്കെ തിരക്കേറിയ രാവിലെയും വൈകുന്നേരവും മേല്‍പ്പറഞ്ഞ സ്റ്റേഷനുകളില്‍ നിര്‍ത്താത്തത് കാരണം അണ്‍റിസര്‍വ്ഡ് കോച്ചുകള്‍ കുറവുള്ള മറ്റ് ട്രെയിനുകളില്‍ തിങ്ങിനിറഞ്ഞ് യാത്ര ചെയ്യേണ്ട ഗതികേടിലാണ് യാത്രക്കാര്‍.

നിന്നുതിരിയാനിടമില്ലാത്ത വിധം തിരക്കുള്ള ജയന്തി ജനത എക്സ്പ്രസില്‍ രണ്ട് അണ്‍റിസര്‍വ്ഡ് കോച്ചുകള്‍ മാത്രമാണുള്ളത്. ജയന്തി കൊല്ലം വിടുന്നത് ഒരു മണിക്കൂര്‍ നേരത്തെയും ആക്കി.ജയന്തി ജനത പോയതിനു ശേഷം ഈസ്റ്റേഷനുകളിലെത്തുന്ന ഇന്‍റര്‍സിറ്റിയിലും വഞ്ചിനാടിലും മറ്റുള്ള യാത്രക്കാരെ കൂടി ബാധിക്കുന്ന വിധം തിരക്കാണ് ഈ സ്റ്റേഷനുകളിലെത്തുമ്ബോള്‍ അനുഭവപ്പെടുന്നത്.

രാവിലത്തെ തിരക്കേറിയ സമയത്ത് ജയന്തിക്കും വഞ്ചിനാടിനും ഇടയില്‍ ഒരു മണിക്കൂറോളം ഈ സ്റ്റേഷനുകളില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിനില്ലാത്തത് പരിഹരിക്കാൻ ദീര്‍ഘകാലമായുള്ള ആവശ്യമാണ്. ഇതിനിടയിലാണ് പാസഞ്ചർ സ്റ്റോപ്പുകളില്ലാതെ ഓടുന്നതും.

മലബാറിലെ സ്ഥിതിയും വ്യത്യസ്തമല്ല.മലബാറിലെ തിരക്കേറെയുള്ള റുട്ടുകളില്‍ ഒന്നായ കോഴിക്കോട് -കണ്ണൂര്‍ പാതയില്‍ വെള്ളയില്‍, വെള്ളറക്കാട്, ചേമഞ്ചേരി, നാദാപുരം റോഡ്, മുക്കാളി, ഇരിങ്ങല്‍, ധര്‍മടം  സ്റ്റേഷനുകള്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.
കോവിഡിനുമുമ്ബ് എട്ടു ട്രെയിനുകള്‍ വരെ നിര്‍ത്തിയിരുന്ന ഈ സ്റ്റേഷനുകളില്‍ ഇപ്പോള്‍ മൂന്നോ, നാലോ ട്രെയിനുകള്‍ മാത്രമാണ് നിര്‍ത്തുന്നത്. നഗരത്തിനോടു ചേര്‍ന്ന വെള്ളയില്‍ സ്റ്റേഷനില്‍ നിലവില്‍ നാലു ട്രെയിനുകള്‍ മാത്രമേ നിര്‍ത്തുന്നുള്ളൂ. മുമ്ബ് പാസഞ്ചറുകള്‍ ഉണ്ടായിരുന്നപ്പോള്‍ നിത്യയാത്രക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഈ സ്റ്റേഷനുകള്‍ വലിയ ആശ്വാസമായിരുന്നു. റെയില്‍വേ ഇത്തരം ചെറു സ്റ്റേഷനുകളെ അവഗണിക്കുന്നത് അവയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുമെന്ന കാര്യത്തിൽ സംശയമില്ല.

Back to top button
error: