ന്യൂഡല്‍ഹി: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റൈസിയുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഇസ്രയേല്‍- ഹമാസ് സംഘര്‍ഷത്തേയും പശ്ചിമേഷ്യയിലെ പ്രതിസന്ധികളേയും കുറിച്ച് ഇറാൻ പ്രസിഡന്‍റുമായി ചര്‍ച്ച നടത്തി. ഭീകരാക്രമണവും സംഘര്‍ഷവും സാധാരണ ജനങ്ങള്‍ കൊല്ലപ്പെടുന്നതും ഏറെ ആശങ്കപ്പെടുത്തുന്നതാണെന്നും സംഘര്‍ഷം തടയുന്നതിനൊപ്പം മാനുഷിക സഹായങ്ങള്‍ ഉറപ്പാക്കുകയും വേണമെന്നും മോദി പറഞ്ഞു.
സമാധാനവും സ്ഥിരതയും എത്രയും വേഗം പുനഃസ്ഥാപിക്കുന്നത് ഏറെ സുപ്രധാനമാണ്. ഇന്ത്യ – ഇറാൻ ഉഭയകക്ഷി സഹകരണത്തിലെ പുരോഗതി സ്വാഗതാര്‍ഹമാണെന്നും മോദി എക്സില്‍ കുറിച്ചു.