IndiaNEWS

ബില്ലുകൾ പരിഗണിക്കാത്ത ഗവർണർമാർക്കെതിരെ തുറന്നടിച്ച് സുപ്രീം കോടതി: ‘നിങ്ങൾ തിരഞ്ഞെടുക്കപ്പെട്ട അധികാരികളല്ലെന്ന കാര്യം മറക്കരുത്’

     ഗവർണർമാർ സംസ്ഥാന സർക്കാരുകളോടു യുദ്ധം പ്രഖ്യാപിക്കുന്നതിരെ  സുപ്രീം കോടതി. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാതെ തീരുമാനം വൈകിക്കുന്ന ഗവര്‍ണര്‍മാര്‍, തങ്ങൾ തെരഞ്ഞെടുക്കപ്പെട്ടവര്‍ അല്ലെന്ന വസ്തുത  ഓര്‍ക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. സുപ്രീം കോടതിയില്‍ ഹര്‍ജികള്‍ എത്തുമ്പോള്‍ മാത്രം ബില്ലുകളില്‍ തീരുമാനം എടുക്കുന്ന പ്രവണത ഗവര്‍ണമാര്‍ അവസാനിപ്പിക്കണം  എന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

പഞ്ചാബ് ഗവർണർ ബൻവരിലാൽ പുരോഹിത്, ഏഴു ബില്ലുകളിൽ ഒപ്പിടാത്തതിനെതിരെ  സംസ്ഥാന സർക്കാർ നൽകിയ റിട്ട് ഹർജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് രൂക്ഷ വിമര്‍ശനം നടത്തിയത്. ജസ്റ്റിസ് ജെ.ബി.പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.

Signature-ad

നിയമസഭാ പാസാക്കിയ 7 ബില്ലുകളില്‍ ഗവര്‍ണറുടെ തീരുമാനം അനന്തമായി വൈകുകയാണെന്ന് പഞ്ചാബ് സര്‍ക്കാരിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വി ചൂണ്ടിക്കാട്ടി.

നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ ഒന്നുകില്‍ ഗവര്‍ണര്‍ക്ക് ഒപ്പുവയ്ക്കാം, അല്ലെങ്കില്‍ തിരിച്ചയയ്ക്കാം. അതുമല്ലെങ്കില്‍ രാഷ്ട്രപതിക്ക് അയയ്ക്കാം. ഇതൊന്നും ചെയ്യാതെ അനന്തമായി തീരുമാനം വൈകിപ്പിക്കുന്നത് ശരിയല്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരളം ഫയല്‍ ചെയ്ത ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെ സ്റ്റാലിന്‍ സര്‍ക്കാര്‍ ഫയല്‍ ചെയ്ത ഹര്‍ജിയും ഇതേ ദിവസം തന്നെ പരിഗണിക്കും.

വാദത്തിനിടെ, ഗവർണർക്കെതിരെ കേരളം സമർപ്പിച്ച സമാന ഹർജിയെക്കുറിച്ച് മുതിർന്ന അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായ കെ.കെ വേണുഗോപാൽ പരാമർശിച്ചു:
‘‘ജനങ്ങളുടെ ക്ഷേമത്തിനായി പാസാക്കിയ ബില്ലുകളിൽ ഗവർണർ നടപടിയെടുക്കുന്നില്ല. സംസ്ഥാനം ഹർജി നൽകിയതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിന് ശേഷം അത് കോടതിയിൽ കാണാമെന്നാണ് അദ്ദേഹം പറയുന്നത്.’’
വേണുഗോപാൽ പറഞ്ഞു.

സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ തീരുമാനം വൈകിപ്പിക്കുകയാണെന്നും ഇതിലൂടെ ജനങ്ങളുടെ അവകാശം നിഷേധിക്കുകയാണെന്നും ആരോപിച്ചാണ് കേരള സർക്കാർ സുപ്രീം കോടതിയിൽ റിട്ട് ഹർജി നൽകിയത്. നിയമസഭ പാസാക്കിയ 8 ബില്ലുകളിൽ ഗവർണർ തീരുമാനം എടുത്തിട്ടില്ലെന്നും ഈ നടപടി ഭരണഘടനാവിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു. ചീഫ് സെക്രട്ടറിയും പേരാമ്പ്ര എംഎൽഎ ടി.പി.രാമകൃഷ്ണനുമാണു ഹർജിക്കാർ. തെലങ്കാന, പഞ്ചാബ്, തമിഴ്നാട് ​എന്നീ സംസ്ഥാന സർക്കാരുകളും ഗവർണർമാർക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

സർക്കാരും ഗവർണറും തുറന്ന് ആശയവിനിമയം നടത്തേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. നമ്മൾ ഏറ്റവും പഴയ ജനാധിപത്യ രാജ്യമാണെന്നും പ്രശ്നങ്ങൾ മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ പരിഹരിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട അധികാരികളല്ലെന്ന വസ്തുത ഗവർണർമാർ മറക്കരുതെന്നും ചന്ദ്രചൂഡ് വ്യക്തമാക്കി. ബില്ലുകളിൽ പഞ്ചാബ് ഗവർണർ ഉചിതമായ തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്നും വെള്ളിയാഴ്ചയ്ക്കകം വിശദാംശങ്ങൾ അറിയിക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.

ഭരണഘടനയുടെ 200–ാം അനുഛേദ പ്രകാരം, നിയമസഭ പാസാക്കുന്ന ബില്ലുകൾ ഗവർണർക്കു കൈമാറണം. ഗവർണർ അതിൽ ഒപ്പുവയ്ക്കുമ്പോൾ മാത്രമാണു നിയമമായി മാറുന്നത്. എതിർപ്പുണ്ടെങ്കിൽ ഗവർണർക്ക് അവ സർക്കാരിനു തിരിച്ചയയ്ക്കാം. അല്ലെങ്കിൽ കേന്ദ്രത്തിനു കൈമാറാം. ഇക്കാര്യങ്ങൾ എത്രയും വേഗമുണ്ടാകണമെന്നാണു ഭരണഘടനയിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ, ഇതിനു സമയക്രമം നിശ്ചയിച്ചിട്ടില്ല.

Back to top button
error: