‘ആടുജീവിതം’ ഉടൻ, തരംഗമായി ഒഫീഷ്യൽ പോസ്റ്റർ; ഇതിനെ വെല്ലാൻ മറ്റൊന്ന് മലയാളത്തിൽ സംഭവിക്കില്ലെന്ന് പ്രേക്ഷകർ
മലയാള സിനിമാ പ്രേക്ഷർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബ്ലെസി- പൃഥ്വിരാജ് ചിത്രം ‘ആടുജീവിത’ത്തിന്റെ ഒഫീഷ്യൽ പോസ്റ്റർ പുറത്തുവിട്ടു. മരുഭൂമിയിൽ നിറയെ ആടുകൾക്കിടയിൽ മുടി നീട്ടി വളർത്തി നജീബായി പൃഥ്വിരാജ് സുകുമാരൻ നിൽക്കുന്നതാണ് പോസ്റ്ററിലെ ചിത്രം. ഇതിനോടകം തന്നെ ചിത്രം സമൂഹ മാധ്യമങ്ങളിലും മറ്റും വൈറലായിട്ടുണ്ട്.
‘ദി ഗോട്ട് ലൈഫ്’ എന്ന് ഇംഗ്ലീഷിലാണ് പോസ്റ്ററിൽ സിനിമയുടെ പേര് എഴുതിയിരിക്കുന്നത്. പാൻ ഇന്ത്യൻ ചിത്രമായതിനാലാണ് ഇത്തരത്തിൽ എഴുതിയിരിക്കുന്നതെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ.
ആടുജീവിതത്തിലെ നെജീബിന്റെ ജീവിതം മലയാളികള്‍ക്ക് മനപ്പാഠമാണ്. ആടുജീവിതം സിനിമയായി വന്നാല്‍ എങ്ങനെയായിരിക്കുമെന്ന ആകാംക്ഷ നിലനില്‍ക്കുന്നതിനിടയിലാണ് ചിത്രത്തിന്റെ ഒഫീഷ്യൽ പോസ്റ്റർ എത്തിയത്. ക്ഷണനേരം കൊണ്ട് അത് ചര്‍ച്ചയായി മാറി. ഈ ചിത്രത്തിനായി പൃഥ്വിരാജ് നടത്തിയ തയ്യാറെടുപ്പുകളും, ചിത്രീകരണത്തിനിടയിലെ പ്രതിസന്ധികളുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
പൃഥ്വിരാജിന്റെ പ്രയത്നം വെറുതെയാവില്ല!
മലയാള സിനിമ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു ക്യാരക്ടറും പെര്‍ഫോമന്‍സുമാണ് കാണാന്‍ പോവുന്നത്. കണ്ണ് നിറയാതെ ഈ സിനിമ കാണാനാവില്ല. മലയാള സിനിമയുടെ തലവര മാറ്റുന്ന സിനിമയാണ്. ഒരു നോവലിന്റെ ദൃശ്യാവിഷ്‌ക്കാരത്തിനും ഇത്രയധികം കാത്തിരുന്നിട്ടില്ല. മലയാളത്തിന്റെ ഗ്രാഫ് ഉയര്‍ത്താന്‍ പോവുന്ന സിനിമയാണ് ആടുജീവിതം, ഇങ്ങനെയായിരുന്നു കമന്റുകള്‍.
യഥാർത്ഥ സംഭവങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഏറെ വർഷങ്ങൾക്ക് ശേഷമാണ് ബ്ലെസി ‘ആടുജീവിതം’ എന്ന പാൻ ഇന്ത്യൻ ചിത്രവുമായി എത്തുന്നത്. അതുകൊണ്ടു തന്നെ വൻ പ്രതീക്ഷയോടെയാണ് ഇന്ത്യൻ സിനിമ ‘ആടുജീവിത’ത്തെ നോക്കികാണുന്നത്. ലോകത്തിന് മുൻപിൽ മലയാളത്തിന്റേതെന്ന് അടയാളപ്പെടുത്താൻ കഴിയുന്നത്ര പ്രസിദ്ധമാണ് ‘ആടുജീവിത’ത്തിന്റെ കഥ. സിനിമയ്ക്ക് കാരണമായ ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവൽ ഇംഗ്ലീഷിലേക്കും മറ്റു ഭാഷകളിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ടായിരുന്നു.
എ ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ ചെയ്യുന്നത് ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയാണ്. സുനിൽ കെ എസ് ക്യാമറ നിർവഹിക്കുമ്പോൾ പൃഥ്വിരാജിനെ കൂടാതെ അമല പോൾ, വിനീത് ശ്രീനിവാസൻ തുടങ്ങിയവരും പ്രധാന കഥാപാത്രണങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
മലയാളികൾക്കിടയിൽ വലിയ ശ്രദ്ധ നേടിയ രചനയായിരുന്നു ബെന്യാമിന്റെ ആടുജീവിതം. കഥ സിനിമയാകുമ്പോൾ അത് എങ്ങനെയായിരിക്കും ബ്ലെസി ഒരുക്കുന്നതെന്ന് കാണാനുള്ള കാത്തിരിപ്പിലാണ് സിനിമ പ്രേമികൾ.
ചിത്രത്തെക്കുറിച്ച് സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടി പറയുന്നു:
‘എല്ലാ മലയാളികളുടെ മനസിലും ആടുജീവിതം എന്നൊരു സിനിമയുണ്ട്. ആ സിനിമയും ബ്ലെസി ഒരുക്കിയ ആടുജീവിതവുമായി താരതമ്യം ചെയ്യുമോ എന്നതാണ് പ്രശ്നം. അവിടെയാകും നിരൂപകർ ബ്ലെസിയെ അറ്റാക്ക് ചെയ്യാൻ പോവുന്നത്. എന്റെ മനസിലുള്ള ആടുജീവിതമല്ലല്ലോ ബ്ലെസി ഉണ്ടാക്കിയത്. അത് ബ്ലെസിയുടെ വിഷനിൽ ഉള്ള ആടുജീവിതമാണ്.
ആ വിഷനോടൊപ്പം ഞങ്ങൾ എല്ലാവരും നടന്നു എന്നതാണ് ശരി. എല്ലാ സിനിമയ്ക്കും ബുദ്ധിമുട്ടുണ്ട്. ആടുജീവിതത്തിനും അതിന്റേതായ ബുദ്ധിമുട്ടുണ്ട്. ആടുജീവിതത്തിലെ ആടുകളെ കിട്ടുക എന്നതായിരുന്നു ഏറ്റവും വലിയ പ്രശ്നം. ഇവിടെയുള്ള ആടല്ലല്ലോ സിനിമയിലുള്ളത്. അവരുടെ ജീവിതരീതി തന്നെ വളരെ വ്യത്യസ്തമല്ലേ.
ഇവിടുത്തെ ആടുകളുടെ ശബ്ദമായി അതിനെ കൂട്ടിയോജിപ്പിക്കാൻ പറ്റില്ലല്ലോ. ആടുജീവിതത്തിൽ ആടുകൾ സംസാരിക്കുന്നുണ്ട്. അവരുടെ ഇമോഷൻസ് ഉണ്ട്. അത് എടുക്കുകയെന്നത് എളുപ്പമുള്ള പണിയല്ല. അവറ്റകളുടെ ശബ്‌ദത്തിൽ ഇമ്മോഷൻസ് കൊണ്ട് വരുക എന്നത് വളരെ പ്രയാസകരമാണ്.’