KeralaNEWS

വെള്ളത്തിലോടാൻ ‘പടയപ്പയും കൂട്ടരും’ എത്തി, മാട്ടുപ്പട്ടിയിലെ ബോട്ടിങ് ഇനി സൂപ്പറാകും

   മൂന്നാറിലെ മാട്ടുപ്പെട്ടി ഡാമിൽ ‘പടയപ്പ’ ഓടിത്തുടങ്ങി. കൂടെ ബ്ലൂവെയിലും ഗോള്‍ഡന്‍ വേവും. ഇനി മുതൽ മാട്ടുപ്പെട്ടിയിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് പടയപ്പയിലോ ബ്ലൂവെയിലിലോ ഗോള്‍ഡന്‍ വേവിലോ കയറി യാത്ര ചെയ്യാം. വൈദ്യുതി വകുപ്പിന് കീഴിലുള്ള ഹൈഡൽ ടൂറിസം വകുപ്പ് വിനോദസഞ്ചാരികള്‍ക്കായി മാട്ടുപ്പെട്ടി ഡാമിൽ പുതുതായി ആരംഭിച്ച സ്പീഡ് ബോട്ടുകളാണ് ഇവ.

  സഞ്ചാരികളുടെ പറുദീസയായ മൂന്നാറിന്റെ ഹൃദയ വാഹിനിയാണ് മാട്ടുപ്പെട്ടി. ഹരിതാഭകൾക്കു നടുവിലെ വൻ ജലസംഭരണി. കാട്ടാന തുടങ്ങിയ വന്യമൃഗങ്ങളെ തൊട്ടടുത്ത് കണ്ട് മാട്ടുപ്പട്ടി ഡാമിലൂടെയുള്ള ബോട്ട് സവാരി അത്യന്തം ഉല്ലാസദായകം തന്നെ. ഹൈഡല്‍ ടൂറിസം വകുപ്പിന് കീഴിലാണ് മാട്ടുപ്പട്ടി സണ്‍ മൂണ്‍ വാലി ബോട്ടിങ് സെന്ററില്‍ പുതിയ ബോട്ടുകള്‍ സര്‍വീസ് ആരംഭിച്ചത്. കാലഹരണപ്പെട്ട ബോട്ടുകള്‍ ഒഴിവാക്കിയാണ് ഏഴുപേര്‍ക്ക് വീതം യാത്ര ചെയ്യാവുന്ന മൂന്ന് പുതിയ ബോട്ടുകള്‍ സര്‍വീസ് തുടങ്ങിയത്. ഒരു ബോട്ടിന് മൂന്നാർ നിവാസികളുടെ പ്രിയപ്പെട്ട കാട്ടുകൊമ്പനായ പടയപ്പയുടെ പേര് നല്‍കാന്‍ ഹൈഡല്‍ ടൂറിസം അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

Signature-ad

ഓരോന്നിനും ഏകദേശം 16 ലക്ഷം രൂപ വീതമാണ് ചെലവ്. വിവിധ യന്ത്രഭാഗങ്ങള്‍ പല സ്ഥലങ്ങളില്‍നിന്ന് വാങ്ങി യോജിപ്പിച്ചാണ് ബോട്ടുകള്‍ നിര്‍മിച്ചത്. പടയപ്പ, ബ്ലൂവെയില്‍, ഗോള്‍ഡന്‍ വേവ് എന്നിങ്ങനെ വ്യത്യസ്തമായ പേരുകളാണ് ബോട്ടുകള്‍ക്ക് നല്‍കിയിരിക്കുന്നത്.

1400 രൂപയാണ് ഒരു ബോട്ടിന് ടിക്കറ്റ് ചാര്‍ജായി ഈടാക്കുന്നത്. പുതുതായി എത്തിച്ച ബോട്ടുകള്‍ കൂടാതെ അഞ്ചുപേര്‍ക്ക് കയറാവുന്ന നാല് സ്പീഡ് ബോട്ടുകള്‍ ഹൈഡല്‍ ടൂറിസത്തിന് കീഴില്‍ സര്‍വീസ് നടത്തുന്നുണ്ട്. 20 പേര്‍ക്ക് കയറാവുന്ന മറ്റൊരു ബോട്ട് അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് ഉടന്‍ സര്‍വീസ് ആരംഭിക്കും. കാലഹരണപ്പെട്ട മൂന്ന് സ്പീഡ് ബോട്ടുകൾ കണ്ടം ചെയ്ത ശേഷമാണ്, പുതിയ ഏഴ് പേർക്ക് കയറാവുന്ന മൂന്ന് ബോട്ടുകൾ പുതുതായി ഇന്നലെ മുതൽ ഓടിത്തുടങ്ങിയത്

Back to top button
error: