CrimeNEWS

50 വിദ്യാര്‍ഥിനികള്‍ക്കുനേരെ പ്രിന്‍സിപ്പലിന്റെ ലൈംഗികാതിക്രമം; അധ്യാപികയും കൂട്ടുനിന്നതായി പരാതി

ചണ്ഡീഗഢ്: സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലൈംഗികാതിക്രം നടത്തിയെന്ന പരാതിയുമായി അന്‍പതോളം വിദ്യാര്‍ഥിനികള്‍. ഹരിയാണയിലെ ജിന്ദ് ജില്ലയിലുള്ള സര്‍ക്കാര്‍ സ്‌കൂളിലാണ് ഞെട്ടിക്കുന്ന സംഭവം. പരാതി കിട്ടിയിട്ടും ജിന്ദ് പോലീസ് നടപടിയെടുക്കാന്‍ വൈകിയെന്ന് ഹരിയാണ വനിതാകമീഷന്‍ അധ്യക്ഷ രേണു ഭാട്ടിയ പറഞ്ഞു. സെപ്റ്റംബര്‍ 14ന് ചില വിദ്യാര്‍ഥിനികള്‍ പരാതി നല്‍കിയിട്ടും ഒക്ടോബര്‍ 30 നാണ് പോലീസ് നടപടിയെടുത്തതെന്നും അവര്‍ അറിയിച്ചു.

‘വിദ്യാര്‍ഥിനികളില്‍നിന്ന് രേഖാമൂലം 60 പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ 50 എണ്ണം ലൈംഗികാതിക്രമ പരാതികളാണ്. പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥികളോട് മോശമായി പെരുമാറിയതായി തങ്ങള്‍ക്ക് ആറിയാമെന്നാണ് ബാക്കി 10 പരാതിയിലുള്ളത്. പരാതിക്കാരെല്ലാം പ്രായപൂര്‍ത്തിയാവാത്തവരാണ്. ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് പ്രിന്‍സിപ്പല്‍ ഉപദ്രവിച്ചതെന്നാണ് ആരോപണം. സെപ്റ്റംബര്‍ 13-ന് വിദ്യാര്‍ഥിനികളുടെ പരാതി കമീഷന് ലഭിച്ചിരുന്നു. തൊട്ടടുത്തദിവസം ഈ പരാതികള്‍ പൊലീസിന് കൈമാറി. എന്നാല്‍ ഒക്ടോബര്‍ 29 വരെ നടപടിയൊന്നുമുണ്ടായില്ല.

Signature-ad

തുടര്‍ന്ന് വിദ്യാര്‍ഥിനികള്‍ കമീഷനെ വീണ്ടും സമീപിച്ചു. പോലീസ് സൂപ്രണ്ടുമായി കമീഷന്‍ ബന്ധപ്പെട്ടതോടെയാണ് പരാതികളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. വിദ്യാര്‍ഥികളെ ഫോണില്‍ വിളിച്ചതിനും സന്ദേശങ്ങള്‍ അയച്ചതിനും പ്രിന്‍സിപ്പലിനെതിരെ തെളിവുണ്ട്. ഇയാള്‍ മൂന്ന് മൊബൈല്‍ ഫോണുകള്‍ രഹസ്യമായി കൈവശംവെച്ചിട്ടുണ്ട്. ജോലിചെയ്തിരുന്ന മറ്റ് രണ്ട് സ്‌കൂളുകളിലും ഇയാള്‍ക്കെതിരെ സമാന പരാതിയുണ്ട്.

കുറ്റകൃത്യത്തിന് ഒരു അധ്യാപികയും കൂട്ടുനിന്നതായി വിദ്യാര്‍ഥിനികളുടെ പരാതിയില്‍ പറയുന്നു. പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചില പെണ്‍കുട്ടികളെ അജ്ഞാതര്‍ ഫോണ്‍വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഹരിയാന ഡി.ജി.പിയോടും ജിന്ദ് പോലീസ് സൂപ്രണ്ടിനോടും പ്രതിയെ ഉടന്‍ പിടികൂടണമെന്ന് കമീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്’, വനിതാകമീഷന്‍ അധ്യക്ഷ വ്യക്തമാക്കി.

ഐ.പി.സിയിലെ വിവിധ വകുപ്പുകളും പോക്സോ വകുപ്പും ചേര്‍ത്താണ് ജിന്ദ് പോലീസ് പ്രിന്‍സിപ്പലിനെതിരെ കേസെടുത്തത്. 55-കാരനായ ഇയാളെ പിടികൂടാനായി പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ടെന്നും പ്രതി ഒളിവിലാണെന്നും പോലീസ് അറിയിച്ചു. പ്രിന്‍സിപ്പലിനെ സംസ്ഥാന സര്‍ക്കാര്‍ ഒക്ടോബര്‍ 27-ന് സസ്പെന്റ് ചെയ്തിരുന്നതായി ജില്ലാഭരണകൂടം അറിയിച്ചു. അതേസമയം, വിദ്യാര്‍ഥിനികള്‍ പ്രധാനമന്ത്രിക്കും ദേശീയവനിതാ കമീഷനും പരാതി നല്‍കിയെന്നാണ് വിവരം.

Back to top button
error: