എറണാകുളം: കളമശേരിയില്‍ യഹോവയുടെ സാക്ഷികളുടെ കണ്‍വന്‍ഷനില്‍ ബോംബ് സ്‌ഫോടനത്തില്‍ മരിച്ച ലിബ്‌നയുടെ സംസ്‌കാരം ഇന്ന്. മലയാറ്റൂരില്‍ വാടകയ്ക്കു താമസിക്കുന്ന കടുവന്‍കുഴി പ്രദീപന്റെ മകള്‍ ലിബ്‌നയുടെ (12) മൃതദേഹം ഇന്നു കൊരട്ടിയില്‍ യഹോവയുടെ സാക്ഷികളുടെ സെമിത്തേരിയില്‍ സംസ്‌കരിക്കും. ലിബ്‌ന പഠിച്ചിരുന്ന നീലീശ്വരം എസ്എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുദര്‍ശനം ആരംഭിച്ചു. ലിബ്‌നയ്ക്ക് ആദരാഞ്ജലികളര്‍പ്പിക്കുന്നതിനായി നിരവധിപേര്‍ സ്‌കൂളിലേക്ക് എത്തുന്നുണ്ട്.
തുടര്‍ന്നു മലയാറ്റൂര്‍-കോടനാട് പാലത്തിനു സമീപമുള്ള വാടക വീട്ടിലേക്ക് കൊണ്ടുവരും. പൊതുദര്‍ശനത്തിനും സംസ്‌കാര ശുശ്രൂഷകള്‍ക്കും ശേഷം മൃതദേഹം കൊരട്ടിയിലേക്കു കൊണ്ടു പോകും. കഴിഞ്ഞ തിങ്കളാഴ്ചയാണു ലിബ്‌നയുടെ മരണം സ്ഥിരീകരിച്ചത്.
ലിബ്‌നയുടെ മാതാവ് സാലിയും (റീന) മൂത്ത സഹോദരന്‍ പ്രവീണും ഇപ്പോഴും അതി ഗുരുതരാവസ്ഥയില്‍ എറണാകുളം ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ചികിത്സയിലാണ്. ലിബ്‌ന മരിച്ച വിവരം ഇവര്‍ അറിഞ്ഞിട്ടില്ല. സഹോദരന്‍ രാഹുല്‍ ഗുരുതരാവസ്ഥയില്‍ അല്ലെങ്കിലും ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ചികിത്സയിലാണ്. കണ്‍വന്‍ഷന്‍ ആരംഭിച്ച 27 മുതല്‍ സാലിയും പ്രവീണും രാഹുലും അവിടെയുണ്ടായിരുന്നു. പാചകത്തൊഴിലാളിയായ പ്രദീപന് ജോലിത്തിരക്ക് മൂലം കണ്‍വന്‍ഷന് പോകാന്‍ കഴിഞ്ഞില്ല. സ്‌ഫോടനം നടന്ന 29നു രാവിലെയും 3 പേരും കണ്‍വന്‍ഷന്‍ സ്ഥലത്ത് ഒരുമിച്ച് ഫോട്ടോ എടുത്തിരുന്നു. സാലിയും മകളും സ്‌ഫോടനം ഉണ്ടായ സ്ഥലത്തിനടുത്താണ് ഇരുന്നിരുന്നത്.