Fiction

സ്വന്തം അനുഭവങ്ങളുടേയും പൊതുധാരണയുടേയും പരിമിതിക്കുള്ളില്‍ നിന്നു കൊണ്ട് അപരനെ വിലയിരുത്തരുത്

വെളിച്ചം

ബുദ്ധശിഷ്യന്‍ സഹപാഠികളുമൊത്ത് ആശ്രമത്തിലേക്ക് വരുന്നതിനിടെ വഴിമധ്യേ സുന്ദരിയായ ഒരു യുവതിയെ കണ്ടു.  അവര്‍ തന്റെ വീട്ടിലേക്ക് അയാളെ ക്ഷണിച്ചു.  കുറച്ചുനാള്‍ താമസിച്ച് തിരികെ വരാമെന്നും പറഞ്ഞു. താന്‍ ഗുരുവിനോട് ചോദിച്ച് മറുപടി തരാമെന്ന് പറഞ്ഞ് അയാള്‍ ബുദ്ധന്റെ അടുത്തെത്തി വിവരം പറഞ്ഞു.
ബുദ്ധന്‍ ശിഷ്യന് അനുവാദം കൊടുത്തു.  ഇത് കേട്ട് മറ്റു ശിഷ്യന്മാരെല്ലാം ആ തീരുമാനത്തെ എതിര്‍ക്കാന്‍ തുടങ്ങി.  അയാള്‍ സന്യാസം ഉപേക്ഷിക്കുമെന്നുവരെ അവര്‍ പ്രവചിച്ചു.

കുറച്ചുനാള്‍ കഴിഞ്ഞ് അയാള്‍ തിരിച്ചെത്തി.  കൂടെ ആ യുവയും ഉണ്ടായിരുന്നു.  അവള്‍ പറഞ്ഞു:

“ഇദ്ദേഹത്തെ സ്വന്തമാക്കാനുള്ള എന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിരിക്കുന്നു.  എന്റെ സ്വത്തുക്കള്‍ ആശ്രമത്തിന് നല്‍കുന്നു.  ഇനി തുടര്‍ന്നുളള ജീവിതം ആശ്രമവാസിയായി ജീവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു…”

ബുദ്ധന്‍ അവരെ തന്റെ ശിഷ്യയായി സ്വീകരിച്ചു.
സ്വന്തം ന്യൂനതകളെ മറയ്ക്കാനുള്ള സൂത്രം, അവ മറ്റുള്ളവരില്‍ ആരോപിക്കുക എന്നതാണ്. എല്ലാവരും അവനവന്റെ സാമര്‍ത്ഥ്യത്തിലൂടെയും ബലഹീനതയിലൂടെയുമാണ് കടന്നുപോകുന്നത്.  വേറൊരാള്‍ക്കും അതിന്റെ ആഴമോ പരപ്പോ അളക്കാനാകില്ല. നിലവിലുള്ള പൊതുധാരണകളുടേയും സ്വന്തം അനുഭവങ്ങളുടേയും പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് നടത്തുന്ന ഒരു നീരീക്ഷണവും യാഥാര്‍ത്ഥ്യമാകില്ല.

ആരും മറ്റൊരാളുടെ അതേ മനോഭാവത്തിലൂടെയും കാഴ്ചപ്പാടിലൂടെയും ജീവിക്കുന്നില്ല.  അപരനെ വിധിക്കുന്നതിന് മുമ്പ് നമുക്ക് ഇവയെല്ലാം ഓര്‍മ്മിക്കാം.

ശുഭദിനം ആശംസിക്കുന്നു.

സൂര്യനാരായണൻ

ചിത്രം: നിപുകുമാർ

Back to top button
error: