KeralaNEWS

കേരളവർമ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്: ശ്രീക്കുട്ടൻ നീതി തേടി ഹൈക്കോടതയിൽ; ഉന്നയിച്ചത് ഒരേ ഒരു കാര്യം, ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും

കൊച്ചി: കേരളവർമ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദം ഹൈക്കോടതിയിൽ. കെ.എസ്.യു ചെയർമാൻ സ്ഥാനാർത്ഥി ശ്രീക്കുട്ടനാണ് നീതി തേടി ഹൈക്കോടതയിൽ എത്തിയത്. ശ്രീക്കുട്ടൻ പ്രധാനമായും കോടതിയിൽ ഉന്നയിച്ചത് ഒരേ ഒരു കാര്യമാണ്. തന്റെ വിജയം എസ്എഫ്ഐ അട്ടിമറിച്ചതാണെന്നും അതിനാൽ തന്നെ കോളേജിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നമാണ് കെ.എസ്.യു ചെയ‍ർമാൻ സ്ഥാനാർത്ഥി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

തൻറെ വിജയം തടഞ്ഞത് അട്ടിമറിയിലൂടെയാണെന്ന് ശ്രീക്കുട്ടൻ ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. മാനദണ്ഡങ്ങൾ ലംഘിച്ചാണ് റീ കൗണ്ടിംഗ് നടത്തിയതെന്ന് പറഞ്ഞ കെ.എസ്.യു ചെയർമാൻ സ്ഥാനാ‍ർത്ഥി, റീ കൗണ്ടിംഗ് സമയത്ത് വൈദ്യുതി ബോധപൂർവ്വം തടസ്സപ്പെടുത്തിയെന്നും ആരോപിച്ചിട്ടുണ്ട്. ശ്രീക്കുട്ടൻറെ ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ കേരളവർമ കോളജിൽ ചെയർമാൻ സ്ഥാനത്തേക്ക് കെ.എസ്.യുവിനെ എണ്ണിത്തോൽപിച്ചുവെന്നാരോപിച്ച് പ്രവ‍ർത്തകർ മന്ത്രി ആർ ബിന്ദുവിൻറെ കോലംകത്തിച്ചു. വിവാദം സംസ്ഥാന വ്യാപക വിഷയമാക്കാൻ കോൺഗ്രസ് തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. മന്ത്രി ആർ ബിന്ദു രാജിവെക്കണമെന്ന് ഡിസിസി പ്രസിഡ​ന്റ് ജോസ് വള്ളൂർ ആവശ്യപ്പെട്ടു. റീകൗണ്ടിങ് വിഷയത്തിൽ ബിന്ദുവാണ് ചരടുവലിച്ചതെന്ന് ആരോപിച്ചാണ് പ്രതിഷേധം.

മന്ത്രിയുടെ ഫോൺ രേഖകൾ ഉൾപ്പടെ പരിശോധിച്ച് അന്വേഷണം നടത്തണമെന്നും കോളജിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും കെ.എസ്.യു ആവശ്യപ്പെട്ടു. വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ തയാറുണ്ടോയെന്ന് എസ്എഫ്ഐയെ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്. നിരാഹാരമനുഷ്ഠിക്കുന്ന കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറടക്കമുള്ളവ‍ർക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ട് സമരപ്പന്തലിൽ എംപിമാരായ ടിഎൻ പ്രതാപൻ, രമ്യഹരിദാസ്, ബെന്നിബഹനാൻ, ടി സിദ്ദിഖ് എംഎൽഎ, റോജിജോൺ എംഎൽഎയടക്കമുള്ളവ‍ർ എത്തിയിരുന്നു.

Back to top button
error: