Social MediaTRENDING

എന്താണ് “ടെയില്‍ ഗേറ്റിങ് ” ? 3 സെക്കന്റ് റൂൾ അറിയാമോ ? അപകടങ്ങള്‍ ഇല്ലാതാക്കാനുള്ള ടിപ്പ്സ് വെളിപ്പെടുത്തി എംവിഡി

തിരുവനന്തപുരം: റോഡിൽ അപകടങ്ങളുണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് തൊട്ട് മുന്നിലുള്ള വാഹനവുമായി സുരക്ഷിത അകലം പാലിക്കാതെയുള്ള ഡ്രൈവിങ്. ടെയിൽ ഗേറ്റിങ് എന്ന് വിളിക്കുന്ന ഈ പ്രവണത മുന്നിൽ പോകുന്ന വാഹനത്തിന്റെ പിന്നിൽ ഇടിച്ചുള്ള നിരവധി അപകടങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. മഴ സമയങ്ങളിൽ ഇത്തരം അപകടങ്ങൾക്ക് സാധ്യത കൂടുതലുമാണ്.

തൊട്ട് മുന്നിൽ പോകുന്ന വാഹനം എന്തെങ്കിലും കാരണവശാൽ പെട്ടെന്ന് ബ്രേക്ക് ചെയ്യുകയോ ഏതെങ്കിലും വശത്തേക്ക് തിരിയുകയോ ചെയ്താൽ അകലം കുറവാണെങ്കിൽ നമ്മുടെ വാഹനം നിർത്താൻ സാധിക്കാതെ വരികയും ഇടിച്ചുകയറി അപകടങ്ങളുണ്ടാവുകയും ചെയ്യും. ടെയിൽ ഗേറ്റിങ് ഒഴിവാക്കി സുരക്ഷിത അകലം പാലിച്ച് വാഹനം ഓടിക്കാനുള്ള ഒരു ടിപ്പാണ് സംസ്ഥാന മോട്ടോർ വാഹന വകുപ്പ് ഇന്ന് തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്.

Signature-ad

മോട്ടോർ വാഹന വകുപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…

എന്താണ് “ടെയിൽ ഗേറ്റിങ് “?

റോഡിൽ ഒരു വാഹനത്തിന്റെ തൊട്ടുപിറകിൽ വളരെ ചേർന്ന് വണ്ടിയോടിക്കുന്നതാണ് Tail gating. ഇത് അത്യന്തം അപകടമുണ്ടാവാൻ സാധ്യതയുള്ള പ്രവർത്തിയാണ്. എപ്പോഴും ഒരു വാഹനത്തിന് പിറകിൽ “Safe Distance ” ഉണ്ട് എന്ന് ഉറപ്പു വരുത്തുക. തന്റെ വാഹനം പോകുന്ന വേഗതയിൽ പെട്ടെന്ന് ബ്രേയ്ക്ക് ചെയ്യേണ്ടി വരുമ്പോൾ വാഹനം സുരക്ഷിതമായി നിൽക്കാൻ സാധ്യതയുള്ള ദൂരമാണിത്. ഇത് വാഹനത്തിൻ്റെ വേഗത, ബ്രേയ്ക്കിന്റെ എഫിഷ്യൻസി, ടയർ തേയ്മാനം, വാഹനത്തിലുള്ള ലോഡ്, കാലാവസ്ഥ, റോഡ് കണ്ടീഷൻ എന്നിവ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.

എന്താണ് 3 സെക്കന്റ് റൂൾ ?

നമ്മുടെ റോഡുകളിൽ 3 സെക്കന്റ് റൂൾ പാലിച്ചാൽ നമുക്ക് “Safe Distance”ൽ വാഹനമോടിക്കാൻ കഴിയും. മുൻപിലുള്ള വാഹനം റോഡിലുള്ള ഒരു പോയിന്റ് (അത് വശത്തുള്ള ഏതെങ്കിലും കാണുന്ന വസ്തു – സൈൻ ബോർഡ്, ഏതെങ്കിലും ഇലക്ട്രിക് / ടെലിഫോൺ പോസ്റ്റ്, അല്ലെങ്കിൽ റോഡിലുള്ള മറ്റേതെങ്കിലും മാർക്കിങ്ങ് തുടങ്ങിയവ) പാസ് ആയതിനു ശേഷം മിനിമം 3 സെക്കന്റുകൾക്ക് ശേഷമേ നമ്മുടെ വാഹനം ആ പോയിന്റ് കടക്കാൻ പാടുള്ളൂ. ഇതാണ് 3 സെക്കന്റ് റൂൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മഴക്കാലത്ത് ഇത് 4 സെക്കന്റെങ്കിലും ആവണം.

Back to top button
error: