കൊല്ലം: കൊട്ടാരക്കരയിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ച് പെൺകുട്ടികളുടെ നഗ്നചിത്രം ഉണ്ടാക്കി പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. ഓയൂർ മരുതൺപള്ളി സ്വദേശി സജിയാണ് പിടിയിലായത്. ഫേസ്‍ബുക്കിലും ഇൻസ്റ്റഗ്രാം, ടെലഗ്രാം പേജുകളിലൂടെയും ആണ് പെൺകുട്ടികളുടെ നഗ്ന ചിത്രങ്ങങൾ ഇയാള്‍ പ്രചരിപ്പിച്ചത്. ഇരകളാക്കപ്പെട്ട പെൺകുട്ടികളിൽ ചിലർ കൊട്ടാരക്കര പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ ചിത്രങ്ങൾ വന്ന സമൂഹ മാധ്യമ പേജുകളെല്ലാം വ്യാജമാണെന്ന് കണ്ടെത്തി. വിശദമായ പരിശോധനയിലാണ് വ്യാജ അക്കൗണ്ടുകളുടെ പിന്നിൽ സജിയാണന്ന് കണ്ടെത്തിയത്. തുടർന്ന് ഇയാലെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിലാണ് പ്രതി ഞെട്ടിക്കുന്ന സംഭവങ്ങൾ പറഞ്ഞത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആപ്പുകളിലൂടെയാണ് പ്രതി പെൺകുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഉണ്ടാക്കിയത്. ആദ്യം സമൂഹ മാധ്യമ അക്കൗണ്ടുകളിൽ നിന്ന് പെൺകുട്ടികളുടെ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യും. പിന്നിട് അതിൽ രൂപ മാറ്റം വരുത്തി നഗ്ന ചിത്രങ്ങളാക്കും. വ്യാജ പ്രൊഫൈലുകളിലൂടെ ഇത് പ്രചരിപ്പിക്കും. അടുത്ത കാലത്ത് ഏറെ പ്രചാരത്തിലായ ചില എഐ ആപ്പുകളാണ് സജി കൂടുതലായും ഉപയോഗിച്ചത്. പ്രായപൂത്തിയാകാത്ത പെൺകുട്ടികളുടെയും ചിത്രങ്ങൾ ഇയാൾ പ്രചരിപ്പിച്ചിട്ടുണ്ട്.
പ്രതിയുടെ ഫോണിൽ നിന്ന് ഇത്തരത്തിലുള്ള നിരവധി ചിത്രങ്ങൾ കണ്ടെത്തി. ഇയാൾക്കെതിരെ പോക്സോ വകുപ്പുകളും ചുമത്തി. എഴുകോൺ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത സമാന കേസിലും ഇയാൾ തന്നെയാണ് പ്രതി. പൂയപ്പള്ളി എസ്എച്ച്ഒ എസ്.റ്റി ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഒരു മാസത്തെ അന്വേഷണത്തിലൂടെ പ്രതിയെ പിടികൂടിയത്.