തിരുവനന്തപുരം: വായനയുടെ രസമറിഞ്ഞ് വായിക്കുമ്പോൾ മാത്രമേ വായന തുടരുന്നതിനുള്ള പ്രേരണ ലഭിക്കൂ എന്ന് നിരൂപകനും ചിന്തകനുമായ ആഷാ മേനോൻ. നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ എന്റെ വായനയുടെയും എഴുത്തിന്റെയും ജീവിതം എന്ന സെഗ്മെന്റിൽ ‘വായനയുടെ വയമ്പുകാലം; എഴുത്തിന്റെയും’ എന്ന വിഷയത്തെ ആസ്പദമാക്കി തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം. സ്വതന്ത്രനായിട്ടാണ് വായനയുടെ ലോകത്തേക്ക് കടന്നുവന്നത്. എന്തിനെങ്കിലും വേണ്ടി വായിക്കുന്നതിനേക്കാൾ കൂടുതൽ ഒന്നിനുമല്ലാതെ വായിക്കുമ്പോൾ മാത്രമേ വായനയുടെ രസം നമുക്ക് അറിയാനാകൂ. 10 വയസു മുതൽ ഈ പ്രായം വരെ തന്റെ വായനയെ സ്വാധീനിച്ചത് ഈ രീതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇംഗ്ലീഷ് പുസ്തകങ്ങളിലൂടെയാണ് വായനയിലേക്ക് എത്തിയത്. ആദ്യമായി വായിച്ച മലയാളം നോവൽ ഖസാക്കിന്റെ ഇതിഹാസമാണ്. അതിലെ ഭാഷയും വ്യാഖ്യാനവും അറിഞ്ഞാൽ പിന്നീട് മറ്റൊരു കഥനത്തിലേക്ക് നമുക്ക് തിരിച്ചുപോകാനാകില്ല. ഡാൻ ബ്രൗണിന്റെ ‘ഡാവിഞ്ചി കോഡ്’ എന്നെ ഒരുപാട് അത്ഭുതപ്പെടുത്തി. കവി പി കുഞ്ഞിരാമൻ നായരുടെ “കവിയുടെ കാൽപ്പാടുകൾ” പോലെ ഒരു ആത്മകഥ ലോകത്ത് എവിടെയും ഇറങ്ങിയിട്ടില്ലെന്നും ആഷാ മേനോൻ അഭിപ്രായപ്പെട്ടു.