
തൃശൂർ: കേരള വർമ്മ കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പ് എസ്എഫ്ഐ അട്ടിമറിച്ചതിൽ പ്രതിഷേധിച്ചും കെ.എസ്.യു സ്ഥാനാർഥി ശ്രീക്കുട്ടന് നീതിലഭിക്കണമെന്നാവശ്യപ്പെട്ടും വ്യാഴാഴ്ച്ച വൈകിട്ട് 7 മണി മുതൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം തുടരുകയാണ്. സമരത്തിന് പിന്തുണയർപ്പിച്ച് നിരവധി നേതാക്കളും പ്രവർത്തകരും സമരപന്തലിലേക്ക് എത്തുന്നുണ്ട്. എഐസിസി സെക്രട്ടറി റോജി എം.ജോൺ എംഎൽഎ, മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ, ടി.സിദ്ധീഖ് എംഎൽഎ, എംപിമാരായ ടി.എൻ. പ്രതാപൻ, രമ്യാ ഹരിദാസ്, ഡിസിസി പ്രസിഡൻ്റ് ജോസ് വള്ളൂർ, യൂത്ത് കോൺഗ്രസ് നേതാക്കളായ അബിൻ വർക്കി കോടിയാട്ട്, റിജിൽ മാക്കുറ്റി എന്നിവർ സമരപന്തലിൽ എത്തി പിന്തുണ പ്രഖ്യാപിച്ചു.
അതേസമയം, കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ് എസ്എഫ്‌ഐ അട്ടിമറിക്കുന്നുവെന്നും വോട്ടെണ്ണലില്‍ കൃത്രിമത്വം നടത്തിയെന്നും ചൂണ്ടിക്കാട്ടി കെ.എസ്.യു ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. വിഷയത്തിൽ ക്രിമിനൽ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കമ്മീഷണർക്കും പരാതി നൽകിയിട്ടുണ്ട്. റീ ഇലക്ഷൻ നടത്തുന്നതുവരെ അനിശ്ചിതകാല നിരാഹാര സമരം തുടരുമെന്നും പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി.






