KeralaNEWS

റബ്‌കോയിലേത് വലിയ അഴിമതി, താനൊരാള്‍ വിചാരിച്ചാല്‍ അഴിമതി ഇല്ലാതാവില്ല: വീണ്ടും വെടിയുതിര്‍ത്ത് കുഴല്‍നാടന്‍

കൊച്ചി: താനൊരാള്‍ മാത്രം വിചാരിച്ചാല്‍ സംസ്ഥാനത്ത് അഴിമതി ഇല്ലാതാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍. സംസ്ഥാനത്തു നടക്കുന്ന അഴിമതി മറച്ചു പിടിക്കുന്നതിന് സര്‍ക്കാര്‍ വിവിധ വകുപ്പുകളെ ദുരുപയോഗം ചെയ്യുകയാണ്. മാസപ്പടി വിഷയം മുഖ്യമന്ത്രിയിലേക്ക് എത്തുന്നത് തടയാന്‍ ആസൂത്രിത ശ്രമം നടക്കുന്നുണ്ട്. ഇത് സംബന്ധിച്ച് പല വിവരങ്ങളും സര്‍ക്കാര്‍ വകുപ്പുകള്‍ നല്‍കുന്നില്ല. എംഎല്‍എ എന്ന നിലയില്‍ നല്‍കിയ കത്തുകള്‍ക്ക് പോലും മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു..

നിര്‍ണായക കാര്യങ്ങളില്‍ മറുപടി നല്‍കാത്തത് മാസപ്പടി മുഖ്യമന്ത്രിയിലെത്തുമെന്ന ഭയം മൂലമാണ്. വിജിലന്‍സ് വകുപ്പില്‍ നിന്ന് വിചാരണക്ക് അനുമതി ചോദിച്ച് എത്ര കേസുകള്‍ വന്നുവെന്നും അതില്‍ എത്രയെണ്ണത്തിന് അനുമതി നല്‍കിയെന്നും ചോദ്യത്തിന് മറുപടി നല്‍കിയില്ല. സെപ്തംബര്‍ 21 നാണ് അപേക്ഷ നല്‍കിയത്. വിജിലന്‍സ് അന്വേഷണങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ചോദിച്ചത്. എന്നാല്‍ മറുപടി ലഭിച്ചില്ലെന്നും കുഴല്‍നാടന്‍ പറഞ്ഞു.

Signature-ad

മുഖ്യമന്ത്രിക്കെതിരെ വിജിലന്‍സിന് നല്‍കിയ പരാതിയിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. വിവരാവകാശ നിയമ പ്രകാരം വിവരങ്ങള്‍ നല്‍കുന്നില്ല. മാസപ്പടിയില്‍ ഉള്‍പ്പെട്ട 1.2കോടി രൂപയ്ക്ക് നികുതി അടച്ചോ എന്നായിരുന്നു ചോദ്യം. ധനവകുപ്പ് എക്‌സാലോജിക്കിന്റെ വിവരങ്ങള്‍ മാത്രം നല്‍കി. നാല് കത്തുകള്‍ ഇതുവരെ നല്‍കിയിട്ട് ഒന്നിനും മറുപടിയില്ല. അഴിമതിക്കെതിരായ പോരാട്ടം യുവാക്കള്‍ ഏറ്റെടുക്കണമെന്ന് പറഞ്ഞ അദ്ദേഹം താനൊരാള്‍ ഒറ്റയ്ക്ക് വിചാരിച്ചാല്‍ അഴിമതി കുറയില്ലെന്നും പറഞ്ഞു.

റബ്‌കോയില്‍ നടന്നത് സിപിഎം നേതൃത്വത്തിന്റെ വലിയ അഴിമതിയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. 2019 ല്‍ 238 കോടി രൂപയാണ് സര്‍ക്കാര്‍ റബ്‌ക്കോയ്ക്ക് നല്‍കിയത്. 11 തവണയായി പലിശ സഹിതം തിരിച്ച് അടയ്ക്കണം എന്നായിരുന്നു ധാരണ. എന്നാല്‍ പണം തിരിച്ചടച്ചില്ല. റബ്‌ക്കോയ്‌ക്കെതിരെ ഒരു നടപടിയും സര്‍ക്കാര്‍ എടുത്തില്ല. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയില്ല. വരും നാളുകളില്‍ ഈ പണം എഴുതിത്തള്ളനാണ് നീക്കം. സിപിഎം നേതാക്കളുടെ അഴിമതിയെ ഫണ്ട് ചെയ്യുന്ന സര്‍ക്കാരായി പിണറായി വിജയന്‍ സര്‍ക്കാര്‍ മാറി.

കേരളവര്‍മ കോളേജിലെ ചെയര്‍മാന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ നിയമവശം പരിശോധിക്കാന്‍ പാര്‍ട്ടി തന്നോട് ആവശ്യപ്പെട്ടെന്ന് കുഴല്‍നാടന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ നിയമവശം പരിശോധിച്ച ശേഷം താന്‍ മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു.

 

Back to top button
error: