തൃശൂര്‍: കേരളവര്‍മ കോളജ് തിരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപിച്ച് കെഎസ്‌യു ഹൈക്കോടതിയിലേക്ക്. കോളജില്‍ വീണ്ടും യൂണിയന്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് കെഎസ്യുവിന്റെ ആവശ്യം. റീ കൗണ്ടിങ്ങിനിടെ വൈദ്യുതി നിലച്ച സമയത്ത് ബാലറ്റിന്റെ എണ്ണം കൂടിയതായി കെഎസ്യു ആരോപിച്ചു. കെഎസ്യുവിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി എസ്.ശ്രീക്കുട്ടന്‍ നേടിയ ഒരു വോട്ടിന്റെ വിജയം സംഘടന ആഘോഷിക്കുന്ന സമയത്താണ് റീ കൗണ്ടിങ്ങിലൂടെ എസ്എഫ്‌ഐയിലെ അനിരുദ്ധനെ വിജയിയായി പ്രഖ്യാപിച്ചത്. ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം രംഗത്തു വന്നിരുന്നു.
കേരളവര്‍മ കോളജിലെ തിരഞ്ഞെടുപ്പു ഫലം അംഗീകരിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ വ്യക്തമാക്കി. തൃശൂരില്‍ നടന്നത് എസ്എഫ്‌ഐയുടെ ഗുണ്ടായിസമാണ്. ഒരു വോട്ടിനു തോറ്റശേഷം 7 വോട്ടിനു ജയിക്കുന്ന അപൂര്‍വ സവിശേഷതയാണ് അവിടെ ഉണ്ടായത്. ഇതിനെതിരെ കെഎസ്യുവിന്റെ നിയമനടപടിക്ക് എല്ലാവിധ പിന്തുണയും നല്‍കും. എസ്എഫ്‌ഐയുടെ ഗുണ്ടായിസത്തിന് അധ്യാപകര്‍ പിന്തുണ നല്‍കുകയാണെന്നും സുധാകരന്‍ ആരോപിച്ചു. എസ്എഫ്‌ഐ ക്രിമിനലുകള്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്‌തെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രതികരിച്ചു.
യൂണിയന്‍ തിരഞ്ഞെടുപ്പില്‍ നാലു പതിറ്റാണ്ടു നീണ്ട ചരിത്രം തിരുത്തി കേരളവര്‍മയില്‍ വിജയം നേടിയെന്ന കെഎസ്യു അവകാശവാദത്തിനിടെ, കോളജില്‍ പകലും രാത്രിയുമായി അടിമുടി നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. കെഎസ്യുവിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായ മൂന്നാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥി എസ്.ശ്രീക്കുട്ടന്‍ ഒരു വോട്ടിനു ജയിച്ചെങ്കിലും വീണ്ടും വോട്ടെണ്ണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്‌ഐ രംഗത്തെത്തിയതോടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
41 വര്‍ഷത്തിനു ശേഷം ഇവിടെ ഒരു ജനറല്‍ സീറ്റില്‍ വിജയിച്ചെന്നായിരുന്നു കെഎസ്യുവിന്റെ പ്രഖ്യാപനം. റീ കൗണ്ടിങ്ങിനിടെ രണ്ടു തവണ വൈദ്യുതി മുടങ്ങിയതില്‍ ദുരൂഹതയുണ്ടെന്നാണ് കെഎസ്യുവിന്റെ വാദം. റീ കൗണ്ടിങ് കെഎസ്യു ബഹിഷ്‌കരിച്ചിരുന്നു.