ന്യൂഡല്‍ഹി: ഡല്‍ഹി സാമൂഹ്യക്ഷേമ മന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ രാജ്കുമാര്‍ ആനന്ദിന്റെ വസതിയില്‍ ഇ.ഡി (എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) റെയ്ഡ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ നടപടിയെന്നാണ് വിവരം. മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇ.ഡി ഇന്ന് ചോദ്യംചെയ്യാനിരിക്കെയാണ് രാജ്കുമാറിന്റെ വസതിയിലെ റെയ്ഡ്.
വ്യാഴാഴ്ച രാവിലെ ഡല്‍ഹി സിവില്‍ ലൈന്‍ മേഖലയിലെ രാജ് കുമാറിന്റെ വസതിയിലെത്തിയ ഇ.ഡി ഉദ്യോഗസ്ഥര്‍ പരിശോധന തുടരുകയാണ്. മന്ത്രിയുമായി ബന്ധപ്പെട്ട മറ്റ് ഒമ്പതിടങ്ങളിലും പരിശോധന നടക്കുന്നുണ്ട്.
മദ്യനയക്കേസില്‍ അറസ്റ്റിലായ എഎപി നേതാക്കളായ മനീഷ് സിസോദിയയും സഞ്ജയ് സിങ്ങും ഇപ്പോഴും ജയിലിലാണ്. ഇതിനിടെയാണ് ഡല്‍ഹിയിലെ മറ്റൊരു മന്ത്രിക്കെതിരേയും കേന്ദ്ര ഏജന്‍സി നടപടിക്കൊരുങ്ങുന്നത്.
മദ്യനയക്കേസില്‍ ചോദ്യംചെയ്യാന്‍ വിളിപ്പിച്ച കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തേക്കുമെന്ന അഭ്യൂഹങ്ങളുള്ളതിനാല്‍ ആം ആദ്മിക്ക് ഇ.ഡി. നീക്കം നിര്‍ണായകമാണ്. അറസ്റ്റ് പ്രതീക്ഷിച്ചുതന്നെ പാര്‍ട്ടി അണിയറയില്‍ കരുനീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. നേതാക്കളെയെല്ലാം ജയിലിലാക്കിയാല്‍ ഡല്‍ഹി സര്‍ക്കാരിനെയും പാര്‍ട്ടിയെയും ജയിലില്‍നിന്ന് ഭരിക്കുമെന്ന് എ.എ.പി. മന്ത്രി സൗരഭ് ഭരദ്വാജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പിലെ പരാജയഭീതിയില്‍ ‘ഇന്ത്യ’ പ്രതിപക്ഷ നേതാക്കളെ ബി.ജെ.പി. വേട്ടയാടുകയാണെന്നാണ് എ.എ.പിയുടെ ആരോപണം.