IndiaNEWS

മദ്യനയകേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടേറ്റിന് മുന്നിലെത്തും; അറസ്റ്റിലാകുമെന്ന അഭ്യൂഹം !

ദില്ലി: മദ്യനയകേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടേറ്റിന് മുന്നിലെത്തും. കെജ്രിവാൾ ഇ ഡിക്ക് മുന്നിലെത്തുന്നതോടെ ഉദ്വേഗ നിമിഷങ്ങൾക്കാകും രാജ്യ തലസ്ഥാനം സാക്ഷ്യം വഹിക്കുക. കെജ്രിവാൾ അറസ്റ്റിലാകുമെന്ന അഭ്യൂഹം കഴിഞ്ഞ ദിവസങ്ങളിൽ തന്നെ ശക്തമായിരുന്നു. നേരത്തെ കെജ്രിവാൾ പോലും താൻ അറസ്റ്റിലായേക്കുമെന്ന് പറഞ്ഞിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ചോദ്യം ചെയ്യലിനൊടുവിൽ ദില്ലി മുഖ്യമന്ത്രിയുടെ അറസ്റ്റ് ഉണ്ടാകുമോ എന്നത് കണ്ടറിയണം.

അതേസമയം അറസ്റ്റ് ഉണ്ടായാൽ അതിശക്തമായി നേരിടാനാണ് എ എ പി തീരുമാനം. കെജരിവാളിനെ ജയിലിലാക്കി പാർട്ടിയെ തകർക്കാനുള്ള നീക്കമെന്ന ആരോപണമാണ് എ എ പി പ്രധാനമായും ഉയർത്തുന്നത്. എന്നാൽ അറസ്റ്റ് നടന്നാലും നേതൃത്വത്തിൽ നിന്ന് അരവിന്ദ് കെജരിവാൾ മാറേണ്ട സാഹചര്യമില്ലെന്ന് പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്. കെജരിവാളിന് പകരം നേതാവ് എന്ന ചർച്ച ഇപ്പോൾ വേണ്ടെന്നാണ് പൊതുനിലപാട്. അറസ്റ്റ് നടന്നാൽ അതിനെതിരായ നിയമവഴികൾ സ്വീകരിക്കാൻ പാർട്ടി തയ്യാറെടുപ്പ് തുടങ്ങിയെന്നും നേതാക്കൾ വിശദീകരിക്കുന്നു.

Signature-ad

മുഖ്യമന്ത്രിയെ ഇ ഡി ചോദ്യം ചെയ്യുമ്പോൾ തന്നെ വലിയ പ്രതിഷേധം ഉയർത്താനും എ എ പി തീരുമാനിച്ചിട്ടുണ്ട്. ഇന്ന് രാവിലെ മുതൽ തന്നെ പാർട്ടി ആസ്ഥാനത്തും ദില്ലിയിലെ വിവിധ ഇടങ്ങളിലും പ്രതിഷേധത്തിനാണ് എ എ പി തീരുമാനം. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ അടക്കം ദില്ലിയിലെ എ എ പി പ്രതിഷേധത്തിൽ പങ്കെടുക്കും. ജാഥയായി ഇ ഡി ഓഫീസിലേക്ക് നീങ്ങാനാണ് പദ്ധതി.

ഇ ഡി നടപടി രാഷ്ട്രീയ വേട്ടെയെന്നാണ് എ എ പി ദേശീയ വക്താവ് പ്രിയങ്ക കക്കറിന്റെ പ്രതികരണം. ഇന്ത്യ സഖ്യത്തെ ദുർബലപ്പെടുത്താനുള്ള നീക്കമെന്നും പ്രിയങ്ക കക്കർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. പ്രതിപക്ഷ പാർട്ടികളെകൂടി പ്രതിഷേധത്തിൻ്റെ ഭാഗമാക്കാനുള്ള നീക്കങ്ങളും എ എ പി ശക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇരവാദം ഉയർത്താതെ കെജ്രിവാളും എ എ പിയും നിയമ നടപടികളെ നേരിടണമെന്നാണ് ബി ജെ പിയുടെ വെല്ലുവിളി.

Back to top button
error: