ഇംഫാൽ: മണിപ്പൂരിലെ ഇംഫാലിൽ വീണ്ടും ആയുധം കൊളളയടിക്കാൻ ശ്രമം. രാജ്ഭവന് സമീപമുള്ള ഐആർബി ക്യാംപിലേക്ക് ആൾക്കൂട്ടം ഇരച്ചു കയറി. ജനക്കൂട്ടത്തിന് നേർക്കുണ്ടായ പൊലീസ് വെടിവെപ്പിൽ 3 പേർക്ക് പരിക്കേറ്റു. തുടർന്ന് ഇംഫാലിൽ വീണ്ടും കർഫ്യൂ ഏർപ്പെടുത്തി. ക്യാംങ്പോപി ജില്ലയിലാണ് കുക്കിസംഘടന 48 മണിക്കൂർ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്നലെ മണിപ്പൂരിൽ പൊലീസുകാരൻ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. മൊറേയിലാണ് സംഭവം. ചിങ് തം ആനന്ദ് എന്ന പൊലീസ് ഓഫീസറാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ കുക്കി സായുധ സംഘമാണെന്നാണ് പ്രാഥമിക വിവരം. ഇന്നലെ രാവിലെ 9.30 ന് മ്യാന്‍മര്‍ അതിര്‍ത്തിയോട് ചേര്‍ന്ന മൊറേയിലാണ് സംഭവമുണ്ടായത്. മോറെ സബ് ഡിവിഷണൽ പൊലീസ് ഓഫീസറാണ് (എസ് ഡി പി ഒ) ചിങ് തം ആനന്ദ്. അതിർത്തി പട്ടണത്തിൽ പുതുതായി നിർമ്മിച്ച ഹെലിപാഡ് പരിശോധിക്കുന്നതിനിടെയാണ് സംഭവം. പൊലീസ് ഓഫീസറുടെ വയറ്റിലൂടെ വെടിയുണ്ട തുളച്ച് കയറുകയായിരുന്നു. പരിക്കേറ്റ എസ് ഡി പി ഒയെ മോറെയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി എങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.