CrimeNEWS

വീട്ടില്‍നിന്ന് പിണങ്ങിയിറങ്ങിയ യുവാവ് വെടിയേറ്റ നിലയില്‍; അന്വേഷണം ശക്തമാക്കി പോലീസ്

കോഴിക്കോട്: യുവാവിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ശക്തമാക്കി. കൊയിലാണ്ടി നടുവണ്ണൂരിനു സമീപം കാവുന്തറ സ്വദേശി ഷംസുദീന്‍ (38) നെയാണ് ഇന്നു പുലര്‍ച്ചെ മാവൂര്‍ റോഡ് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്തെ ടൂറിസ്റ്റ് ഹോമില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ തലയ്ക്കു ഗുരുതര പരുക്കുണ്ട്. സ്വയം വെടിയുതിര്‍ത്തതാണെന്നാണു പ്രാഥമിക നിഗമനം.

ഇന്നലെ വൈകുന്നേരമാണ് ഷംസുദ്ദീന്‍ ഇവിടെ മുറിയെടുത്തത്. കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് രണ്ടു ദിവസം മുമ്പ് വീട്ടില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു എന്നാണ് വിവരം. ഇയാളെ കാണ്‍മാനില്ലെന്നു ബന്ധുക്കള്‍ പേരാമ്പ്ര പോലീസില്‍ പരാതിയും നല്‍കിയിരുന്നു. ഇതു പ്രകാരം മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് അന്വേഷണവു ആരംഭിച്ചിരുന്നു.

അതിനിടെ ഇയാള്‍ ലോഡ്ജിലുണ്ടെന്ന് മനസിലാക്കിയ ബന്ധുക്കള്‍ ഇന്ന് അതിരാവിലെ ഇവിടെ എത്തിയപ്പോഴാണ് മുറിക്കുള്ളില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ അറിയിച്ചു. പോലീസെത്തി ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീടു കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി നടക്കാവ് പോലീസ് അറിയിച്ചു.

Back to top button
error: