കൊച്ചി: കളമശേരി സംഭവത്തിൽ സമൂഹമാധ്യമങ്ങളിലും മറ്റും വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നു പൊലീസ്. ‘‘സമൂഹമാധ്യമങ്ങൾ നിരീക്ഷണത്തിലാണ്. മതസ്പർദ്ധ, വർഗീയ വിദ്വേഷം എന്നിവ വളർത്തുന്ന തരത്തിൽ സാമൂഹമാധ്യമങ്ങളിലൂടെയും മറ്റും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്’’.– പൊലീസ് പുറത്തിറക്കിയ കുറിപ്പിൽ അറിയിച്ചു.
കളമശേരിയിൽ സ്ഫോടനമുണ്ടായതിനു പിന്നാലെ സംസ്ഥാന പൊലീസ് കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. പ്രധാന സ്ഥലങ്ങളിലെല്ലാം 24 മണിക്കൂറും പൊലീസ് പട്രോളിങ് ഉറപ്പാക്കണം. ഷോപ്പിങ് മാൾ, ചന്തകൾ, കൺവൻഷൻ സെന്ററുകൾ, സിനിമാ തിയറ്റർ, ബസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, പ്രാർഥനാലയങ്ങൾ, ആളുകൾ കൂട്ടംചേരുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കണമെന്നും പൊലീസ് ഉന്നത ഉദ്യോഗസ്ഥർക്കു ഡിജിപി നൽകിയ സന്ദേശത്തിൽ പറയുന്നു. കൊച്ചിയിൽ കൺട്രോൾ റൂം തുറന്നു.