KeralaNEWS

കളമശേരിയിലെ സ്ഫോടനം ദൗ‌ർഭാഗ്യകരം, പിന്നിലുള്ളവർ രക്ഷപ്പെടില്ല; വ്യാജവാർത്തകൾക്കെതിരെ കർശന നടപടി, മാധ്യമപ്രവർത്തകർ സ്വീകരിച്ച നിലപാട് ആരോഗ്യകരം: മുഖ്യമന്ത്രി

തിരുവനന്തപുരം: കളമശേരിയിൽ നടന്ന സംഭവം ഏറെ ദൗർഭാഗ്യകരമാണെന്നും ഇതിനു പിന്നിലുള്ളവർ രക്ഷപ്പെടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റവാളികൾ രക്ഷപ്പെടില്ലെന്ന് ഉറപ്പിച്ചാണ് അന്വേഷണം നടക്കുന്നത്. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും. വിഷയത്തിൽ മാധ്യമപ്രവർത്തകർ സ്വീകരിച്ച നിലപാട് ആരോഗ്യകരമാണെന്നും വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട അന്വേഷണ ചുമതല എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് നൽകിയിട്ടുള്ളത്. അന്വേഷണ ഉദ്യോഗസ്ഥനായി കൊച്ചി ഡിസിപി ശശിധരനെ നിയോഗിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തിൽ 20 പേർ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിന് 14 അംഗ മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് ഡയറക്ടർ, കോട്ടയം, തൃശൂർ, കളമശേരി മെഡിക്കൽ കോളജുകൾ, ആരോഗ്യ വകുപ്പ് എന്നിവിടങ്ങളിലെ വിദഗ്ധ ഡോക്ടർമാർ ഉൾപ്പെടുന്നതാണ് മെഡിക്കൽ ബോർഡ്. ഇതുവരെ 52 പേരാണ് ചികിത്സ തേടിയത്. നിലവിൽ 18 പേരാണ് ഐസിയുവിലുള്ളത്. അവരിൽ 6 പേരുടെ നില ഗുരുതരമാണ്. സംഭവം നടന്നയുടൻ മറ്റു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മന്ത്രിമാർ അവിടെയെത്തിയിരുന്നു. ചീഫ് സെക്രട്ടറിയും ഡിജിപിയും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി. സമാധാനാന്തരീക്ഷം ഉറപ്പാക്കാൻ തിങ്കളാഴ്ച രാവിലെ 10ന് സർവകക്ഷിയോഗം വിളിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Back to top button
error: