CrimeNEWS

കളമശേരി സ്ഫോടനം നടത്തിയത് താനാണെന്ന് പറയുന്ന വീഡിയോ പ്രത്യക്ഷപ്പെട്ട് മണിക്കൂറുകള്‍ക്കകം ഡൊമിനിക് മാര്‍ട്ടിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തു

കൊച്ചി: കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് കീഴടങ്ങിയ ഡൊമിനിക് മാര്‍ട്ടിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തു. സ്ഫോടനം നടത്തിയത് താനാണെന്ന് പറയുന്ന വീഡിയോ പ്രത്യക്ഷപ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് മാര്‍ട്ടിന്റെ പേരിലുള്ള അക്കൗണ്ട് അപ്രത്യക്ഷമായത്.

കീഴടങ്ങുന്നതിന് മുന്‍പ് ഫേസ്ബുക്കിലിട്ട വീഡിയോയിലാണ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുത്തതായി ഡൊമിനിക് മാര്‍ട്ടിന്‍ പറഞ്ഞത്. സ്‌ഫോടനം നടത്തിയത് യഹോവ സാക്ഷികളോടുള്ള എതിര്‍പ്പ് മൂലമാണെന്നും താന്‍ 16 വര്‍ഷമായി യഹോവ സാക്ഷികളില്‍ അംഗമാണെന്നും ഡൊമിനിക് അവകാശപ്പെട്ടു. യഹോവാ സാക്ഷികള്‍ രാജ്യദ്രോഹ സംഘടനയാണെന്ന് ആറു വര്‍ഷം മുന്‍പ് തിരിച്ചറിഞ്ഞു. മറ്റുള്ളവര്‍ എല്ലാം നശിച്ചു പോകുമെന്നാണ് അവരുടെ ആഗ്രഹം. തെറ്റായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവരെ നിയന്ത്രിച്ചില്ലെങ്കില്‍ തന്നെ പോലുള്ള സാധാരണക്കാര്‍ പ്രതികരിക്കുമെന്നും ഡൊമിനിക് വീഡിയോയില്‍ പറഞ്ഞിരുന്നു.

Signature-ad

അതേസമയം, ഡൊമിനിക് മാര്‍ട്ടിന്‍ യഹോവ സാക്ഷി പ്രവര്‍ത്തകന്‍ അല്ലെന്ന് യഹോവ സാക്ഷി വിശ്വാസി കൂട്ടായ്മയുടെ അംഗവും പ്രാര്‍ത്ഥനായോഗത്തിന്റെ സംഘാടകനും പിആര്‍ഒയും ആയ ശ്രീകുമാര്‍ പറഞ്ഞു. ‘പൊലീസില്‍ നിന്നാണ് ഇങ്ങനെയൊരു വ്യക്തിയുടെ പേര് കേള്‍ക്കുന്നത്. തമ്മനം സ്വദേശിയെന്നാണ് ഇയാള്‍ അവകാശപ്പെട്ടത്. അവിടെയുള്ള പ്രാദേശികമായ സഭാംഗങ്ങളുമായി സംസാരിച്ചപ്പോള്‍ അവിടുത്തെ സഭയില്‍ അങ്ങനെയൊരാളില്ലെന്നാണ് അവര്‍ പറയുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇയാള്‍ ബൈബിള്‍ പഠിച്ചിരുന്നുവെന്നും ഏതാനും മീറ്റിംഗുകളില്‍ പങ്കെടുത്തിരുന്നുവെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ 4 വര്‍ഷമായി ഇതിലൊന്നും പങ്കെടുക്കാറില്ലെന്നായിരുന്നു അവരില്‍ നിന്നും അറിയാന്‍ സാധിച്ചിരുന്നത്. അതിനാല്‍ ഇയാള്‍ യഹോവ സാക്ഷികളുടെ സജീവ പ്രവര്‍ത്തകനായിരുന്നു എന്ന് പറയാന്‍ സാധിക്കില്ലെന്ന് പിആര്‍ഒ വ്യക്തമാക്കി.

സ്‌ഫോടനം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് തൃശൂര്‍ കൊടകര പൊലീസ് സ്റ്റേഷനിലെത്തി, തമ്മനം സ്വദേശിയായ ഡൊമിനിക് മാര്‍ട്ടിന്‍ കീഴടങ്ങിയത്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സ്‌ഫോടനമുണ്ടായത്. ഒരു സ്ത്രീ മരിക്കുകയും 45ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സ്‌ഫോടനത്തെ തുടര്‍ന്ന് പൊള്ളലേറ്റാണ് സ്ത്രീ മരിച്ചത്.

 

Back to top button
error: