KeralaNEWS

യാത്രാ ദുരിതത്തിന് താല്‍ക്കാലിക ആശ്വാസം? പരശുറാമില്‍ ഒരു കോച്ചു കൂടി അനുവദിക്കുമെന്ന് റെയില്‍വേ

കൊച്ചി: സംസ്ഥാനത്തെ ട്രെയിന്‍ യാത്രാ ദുരിതം ചര്‍ച്ചയാകുന്നതിനിടെ പരശുറാം എക്‌സ്പ്രസില്‍ കോച്ചുകള്‍ കൂട്ടുമെന്ന് ദക്ഷിണ റെയില്‍വേ. കഴിഞ്ഞദിവസങ്ങളില്‍ പരശുറാം എക്‌സ്പ്രസില്‍ യാത്രക്കാര്‍ കുഴഞ്ഞുവീഴുന്നത് പതിവായിരുന്നു. തിക്കിലും തിരക്കിലും യാത്ര ചെയ്യുന്നവരുടെ ദുരിതകഥ പുറത്തുവന്നതിന് പിന്നാലെയാണ് ട്രെയിനില്‍ ഒരു കോച്ച് കൂടി കൂട്ടുമെന്ന് റെയില്‍വേ വ്യക്തമാക്കിയിരിക്കുന്നത്. പരശുറാം എക്‌സ്പ്രസില്‍ ഒരു ജനറല്‍ കോച്ചുകൂടി അനുവദിക്കുമെന്ന് ദക്ഷിണ റെയില്‍വേ ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കിയതായി പാസഞ്ചര്‍ അമിനിറ്റീസ് മുന്‍ ചെയര്‍മാന്‍ പികെ കൃഷ്ണദാസാണ് അറിയിച്ചത്.

യാത്രക്കാരുടെ ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ എസ്‌കെ സിങ്ങുമായി ചര്‍ച്ച നടത്തിയെന്നും കൃഷ്ണദാസ് വ്യക്തമാക്കി. പരശുറാം എക്‌സപ്രസിലെ തിരക്ക് കാരണം യാത്രികര്‍ ബുദ്ധിമുട്ടനുഭവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് റെയില്‍വേ ഉദ്യോഗസ്ഥരായ ഓപ്പറേഷന്‍സ് പിസിപിഒ ചെന്നൈ ശ്രീകുമാര്‍, സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ എന്നിവരുമായാണ് കൃഷ്ണദാസ് ഇക്കാര്യം സംസാരിച്ചത്.

Signature-ad

നിലവില്‍ 21 കോച്ചുകളുളള പരശുറാമില്‍ ഒന്നു കൂടി വര്‍ദ്ധിക്കുന്നതോടെ 22 ആകുമെന്നും നിലവില്‍ ജനറല്‍ കോച്ചുകള്‍ കുറച്ചുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും കൃഷ്ണദാസ് പറഞ്ഞു. പരശുറാമില്‍ നിലവില്‍ 15 കോച്ചുകള്‍ ജനറലാണ്. ഒന്നുകൂടി വര്‍ധിപ്പിക്കുമ്പോള്‍ യാത്രാ ക്ലേശം പരിഹരിക്കപ്പെടും. അതേസമയം പരശുറാമിന് പുറമെ വേണാട്, വഞ്ചിനാട് എക്‌സ്പ്രസുകളിലും ഒരു കോച്ചുവീതം കൂട്ടിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ദേശീയപാത വികസന പ്രവര്‍ത്തനങ്ങളും മറ്റും നടക്കുന്നതിനാല്‍ റോഡ് യാത്ര ദുരിതമായതോടെയാണ് ജനങ്ങള്‍ കൂടുതലായും ട്രെയിനിനെ ആശ്രയിക്കാന്‍ തുടങ്ങിയത്. ഇതാണ് തിരക്ക് വര്‍ദ്ധിക്കാന്‍ കാരണം. ദൂര യാത്രക്കാര്‍ക്കായി കൂടുതല്‍ മെമു സര്‍വ്വീസുകള്‍ കണ്ണൂര്‍ – കോഴിക്കോട്, കണ്ണുര്‍ – ഷൊര്‍ണൂര്‍ റൂട്ടില്‍ ആരംഭിക്കണമെന്ന് റെയില്‍വേ ബോര്‍ഡിനോട് ആവശ്യപ്പെട്ടെന്നും കൃഷ്ണദാസ് പറഞ്ഞു. ഇക്കാര്യവും അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയെന്നും കൃഷ്ണദാസ് അറിയിച്ചു.

തിരക്കുള്‍പ്പെടെയുള്ള യാത്രാപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഒട്ടേറെതവണ കേന്ദ്ര റെയില്‍വേ മന്ത്രിക്കും ബോര്‍ഡിനും കത്തയച്ചതായി മന്ത്രി വി അബ്ദുറഹ്‌മാന്‍ പ്രതികരിച്ചു. വന്ദേ ഭാരത് ഉള്‍പ്പെടെയുള്ള വണ്ടികളുടെ സമയം പുനഃക്രമീകരിക്കുന്നത് പ്രധാന വിഷയമാണ്. ആവശ്യമായ പാതയില്ലാത്തതും തിരിച്ചടിയാണെന്നും റെയില്‍വേ ചുമതല വഹിക്കുന്ന വി അബ്ദുറഹ്‌മാന്‍ പറഞ്ഞു.

വന്ദേ ഭാരത് എക്‌സ്പ്രസ്സിന്റെ വരവോടെ മലബാറിലെ സ്ഥിരം ട്രെയിന്‍ യാത്രക്കാര്‍ ദുരിതത്തിലാവുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. വന്ദേ ഭാരതിന് പാതയൊരുക്കാന്‍ ചില ട്രെയിനുകള്‍ പിടിച്ചിടുകയും ചിലതിന്റെ സമയത്തില്‍ മാറ്റം വരുത്തുകയും ചെയ്തിരുന്നു. ഇതോടെ യാത്രക്കാര്‍ക്ക് സമയത്തിന് ജോലിസ്ഥലത്തെത്താനും തിരിച്ച് വീട്ടിലേക്ക് എത്തിച്ചേരാനും സാധിക്കാതെയാവുകയായിരുന്നു.

 

 

Back to top button
error: